കേപ് ടൗണ്‍ : ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്‍റെ പിന്‍ഗാമിയെന്ന് ക്രിക്കറ്റ് ലോകം ചൂണ്ടിക്കാട്ടുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് തനിക്കെല്ലായ്‌പ്പോഴും പ്രചോദനമായിട്ടുള്ളതെന്ന് നേരത്തേ തന്നെ ബ്രെവിസ് വ്യക്തമാക്കിയിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ടോപ് സ്‌കോററായിരുന്ന 18കാരന്‍ ഇക്കുറി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റം നടത്തിയിരുന്നു.
ഇപ്പോഴിതാ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ ആദ്യമായി നേരിട്ട് കണ്ടപ്പോഴുള്ള തന്‍റെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രെവിസ്. എന്തുചെയ്യണമെന്നറിയാതെ നടുങ്ങിയെന്നാണ് താരം പറയുന്നത്.
''ജിമ്മിലെ തറയിൽ കിടക്കുകയായിരുന്നു, പെട്ടെന്ന് സച്ചിൻ സാർ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആദ്യമായി ഞാൻ അദ്ദേഹത്തിന്‍റെ കൈ കുലുക്കിയപ്പോഴുള്ള അനുഭവം പറയാനാവാത്തതാണ്.
അദ്ദേഹത്തെയാണ് ഞാന്‍ മാതൃകയാക്കുന്നത്. അദ്ദേഹം എന്നെ പഠിപ്പിച്ച ടെക്‌നിക്കുകളുടെ വിശദാംശങ്ങള്‍ ഏറെ സ്‌പെഷ്യലാണ്. അദ്ദേഹത്തെപ്പോലുള്ള ഇതിഹാസങ്ങളിൽ നിന്നും കോച്ചായ മഹേലയിൽ നിന്നും പഠിക്കാൻ സാധിച്ചത് വലിയ കാര്യമാണ് ' - ഡെവാള്‍ഡ് ബ്രെവിസ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
കഴിഞ്ഞ മെഗാലേലത്തില്‍ മൂന്ന് കോടി രൂപയ്‌ക്കാണ് ഡെവാള്‍ഡ് ബ്രെവിസിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. തന്‍റെ അരങ്ങേറ്റ സീസണില്‍ മുംബൈക്കായി ഏഴ് മത്സരങ്ങളില്‍ നിന്നും 142.48 സ്ട്രൈക്ക് റേറ്റോടെ 161 റണ്‍സാണ് ബ്രെവിസ് നേടിയത്.
അതേസമയം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഏറ്റവും മോശം സീസണുകളിലൊന്നാണിത്. നാല് മത്സരങ്ങള്‍ മാത്രം ജയിച്ച സംഘം അവസാന സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.