വഡോദര: ജീവിതത്തില്‍ ഇരട്ട ദുരന്തങ്ങളുണ്ടായിട്ടും ടീമിനൊപ്പം തുടരാനും കളിക്കളത്തില്‍ പൊരുതാനുമുറച്ച് ബറോഡ ബാറ്റര്‍ വിഷ്‌ണു സോളങ്കി. പിറന്ന് വീണതിന് പിന്നാലെ മകളെ തട്ടിയെടുത്തും, തുടര്‍ന്ന് പിതാവിനെ കവര്‍ന്നുമാണ് വിധി വിഷ്‌ണുവിന്‍റെ ജീവിതത്തില്‍ ദുരിതങ്ങള്‍ നിറയ്‌ക്കുന്നത്.
എന്നാല്‍ ദുരിതങ്ങളോട് പോരാടനുറച്ച് രഞ്‌ജി ട്രോഫിയില്‍ ബറോഡയുടെ മൂന്നാം മത്സരത്തിനായി ടീമിനൊപ്പം തുടരുകയാണ് വിഷ്‌ണു.
"അവൻ (വിഷ്‌ണു) അവസാന മത്സരം കളിക്കും. അവന്‍ തിരിച്ച് വരുകയല്ല. ടീമിനൊപ്പം തുടരുകയാണ്. മൂന്നാം മത്സരത്തിന് അവനുണ്ടാവും" ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അജിത് ലെലെ പറഞ്ഞു.
ഫെബ്രുവരി 10ന് 29കാരനായ വിഷ്‌ണു പിതാവായെങ്കിലും, തൊട്ടടുത്ത ദിവസം തന്നെ പെൺകുഞ്ഞ് മരിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്കകം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ താരം സെഞ്ചുറി നേടിയാണ് മകള്‍ക്ക് സ്‌മരണാഞ്ജലിയൊരുക്കിയത്.
ചണ്ഡിഗഡിനെതിരായ മത്സരത്തില്‍ 165 പന്തുകളില്‍ 104 റൺസാണ് വിഷ്‌ണു സോളങ്കി കണ്ടെത്തിയത്. ക്വാറന്‍റൈന്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബറോഡയുടെ ആദ്യ മത്സരം താരത്തിന് നഷ്‌ടപ്പെട്ടിരുന്നു.
also read: ശ്രേയസിനും ഇഷ്‌ടം വൺഡൗൺ, കോലിയും സൂര്യകുമാറും തിരിച്ചെത്തുമ്പോൾ തലവേദന രോഹിതിനും ദ്രാവിഡിനും
ഇക്കാരണത്താലാണ് വിഷ്‌ണു ടീമിനൊപ്പം തുടരാന്‍ തീരുമാനിച്ചതെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
"മകൾ മരിച്ചപ്പോൾ, അവൻ തിരിച്ചെത്തി, എന്നാല്‍ ആദ്യ മത്സരം നഷ്‌ടമായി, കാരണം അവന് വീണ്ടും മൂന്ന് ദിവസത്തെ ക്വാറന്റൈനിൽ കഴിയേണ്ടിവന്നു. എന്നാൽ ഇപ്പോൾ അവന്‍ ടീമിനൊപ്പം തുടരുകയാണ്" മറ്റൊരു മുതിർന്ന ബിസിഎ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.