ന്യൂഡല്‍ഹി : കൊവിഡ് രക്ഷാമരുന്നുകള്‍ വന്‍തോതില്‍ സംഭരിച്ചതിന് ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡല്‍ഹി ഹൈക്കോടതിയാണ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിനോട് ഇതുസംബന്ധിച്ച അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. ഡ്രഗ് കണ്‍ട്രോളര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ഡല്‍ഹി പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ രാഷ്ട്രീയക്കാര്‍ കൊവിഡ് മരുന്നുകള്‍ ശേഖരിക്കുന്നത് സംബന്ധിച്ച കേസുകളില്‍ ഡല്‍ഹി പൊലീസാണ് അന്വേഷണം നടത്തുന്നത്.
also read: ടി20 വനിതാ ലോകകപ്പിലെ സമ്മാനത്തുക ബിസിസിഐ വിതരണം ചെയ്തില്ലെന്ന് റിപ്പോര്‍ട്ട്
നല്ല ഉദ്ദേശത്തോടെയായിരിക്കാം ഗൗതം ഗംഭീര്‍ മരുന്നുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയ ശേഷം വിതരണം ചെയ്തതെന്നും എന്നാല്‍ മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ ഈ പ്രവൃത്തി ഉത്തരവാദിത്തമില്ലാത്തതാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. അതേസമയം ഗംഭീറിനെ കേസില്‍ കക്ഷിയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ കോടതി എതിര്‍ത്തു. അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നടപടിയെടുക്കാനല്ലെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി നടപടി.