മുംബൈ : ഇംഗ്ലണ്ടിനെതിരായ (Indw vs Engw) നവി മുംബൈ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കായുള്ള മിന്നും പ്രകടനത്തോടെ റെക്കോഡിട്ട് ഓള്‍റൗണ്ടര്‍ ദീപ്‌തി ശര്‍മ (Deepti Sharma Test record). ഒരു ടെസ്റ്റില്‍ അര്‍ധ സെഞ്ചുറിയും അഞ്ചോ അതില്‍ അധികമോ വിക്കറ്റുകളും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിത താരമെന്ന നേട്ടമാണ് ദീപ്‌തി സ്വന്തമാക്കിയത് (Deepti Sharma 5 Wickets And Half Century).
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്കായി ഏഴാം നമ്പറിലായിരുന്നു താരം ക്രീസിലെത്തിയത്. 113 പന്തുകളില്‍ നിന്നും 10 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 67 റണ്‍സ് നേടിയായിരുന്നു ദീപ്‌തി തിരിച്ച് കയറിയത്. പിന്നീട് പന്തെടുത്തപ്പോഴും 26-കാരി മിന്നിത്തിളങ്ങി. 5.3 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് താരം നേടിയത് (Deepti Sharma in Navi Mumbai test).
ദീപ്‌തിയ്‌ക്ക് മുന്നേ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കായി ഒരു ടെസ്റ്റില്‍ അര്‍ധ സെഞ്ചുറിയും അഞ്ചിലേറേ വിക്കറ്റുകളും നേടിയ താരം ശുഭാംഗി കുൽക്കർണിയാണ് (Shubangi Kulkarni). 38 വര്‍ഷങ്ങള്‍ക്ക് മുന്നേ 1985-ൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലായിരുന്നു താരത്തിന്‍റെ മിന്നും പ്രകടനം. അന്ന് 79 റൺസ് എടുത്ത ശുഭാംഗി കുൽക്കർണി 99 റണ്‍സിന് ആറ് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു.
അതേസമയം ദീപ്‌തിയ്‌ക്ക് പുറമെ ശുഭ സതീഷ് (76 പന്തില്‍ 69), ജമീമ റോഡ്രിഗസ് (99 പന്തില്‍ 68), യാസ്‌തിക ഭാട്ടിയ (88 പന്തില്‍ 66) എന്നിവരും അര്‍ധ സെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (81 പന്തില്‍ 49), സ്‌നേഹ് റാണയും (73 പന്തില്‍ 30) നിര്‍ണായക പ്രകടനം നടത്തിയതോടെ ഒന്നാം ഇന്നിങ്‌സില്‍ 428 റണ്‍സ് ചേര്‍ക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിനായി ലോറൻ ബെന്‍, സോഫി എക്ലസ്റ്റോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ALSO READ: ഏഴാം നമ്പർ ചോദിച്ച് ആരും വരണ്ട... ധോണിയുടെ 7-ാം നമ്പര്‍ ജഴ്‌സി ബിസിസിഐ പിന്‍വലിച്ചു
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ ദീപ്‌തിയുടെ മികവില്‍ 136 റണ്‍സിനാണ് ഇന്ത്യ എറിഞ്ഞിട്ടത്. 35.3 ഓവര്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞത്. 70 പന്തില്‍ 59 റണ്‍സെടുത്ത നതാലിയ സ്‌കിവര്‍ ബ്രന്‍റാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. ടാമി ബ്യൂമോണ്ട് (35 പന്തില്‍ 10), സോഫിയ ഡങ്ക്‌ലി (10 പന്തില്‍ 11), ഡാനി വ്യാറ്റ് (24 പന്തില്‍ 19), ആമി ജോണ്‍സ് (19 പന്തില്‍ 12) എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. ആദ്യ ഇന്നിങ്‌സില്‍ 292 റണ്‍സിന്‍റെ വമ്പന്‍ ലീഡ് നേടിയെങ്കിലും ഇംഗ്ലണ്ടിനെ ഇന്ത്യ ഫോളോ ഓണിന് അയച്ചിട്ടില്ല.