മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ടെസ്റ്റില്‍ ഇതു തന്‍റെ അവസാന വര്‍ഷമായിരിക്കുമെന്ന് വാര്‍ണര്‍ പറഞ്ഞു. ടി20 ലോകകപ്പ് ആതിഥേയരായ ഓസ്ട്രേലിയ സെമിയിലേക്ക് കടക്കുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് വാർണറുടെ പ്രഖ്യാപനം.
2024ലെ ടി20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും 36കാരനായ താരം പറഞ്ഞു. ട്രിപ്പിള്‍ എമ്മിന്‍റെ ഡെഡ് സെറ്റ് ലെജെന്‍ഡ്‌സ് ടോക് ഷോയിലാണ് വാര്‍ണറുടെ പ്രതികരണം. "ടെസ്റ്റ് ക്രിക്കറ്റാവും ഞാന്‍ അദ്യം മതിയാക്കുക. അടുത്ത വര്‍ഷം ഏകദിന ലോകകപ്പും 2024ല്‍ ടി20 ലോകകപ്പും നടക്കാനിരിക്കുകയാണ്.
സാധ്യതയനുസരിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ ഇതെന്‍റെ അവസാന 12 മാസങ്ങളായിരിക്കാം. ടി20 ക്രിക്കറ്റിനെ താനേറെ സ്‌നേഹിക്കുന്നുണ്ട്. 2024ലെ ടി20 ലോകകപ്പില്‍ കളിക്കാനാണ് ഞാന്‍ നോക്കുന്നത്. ടി20 ക്രിക്കറ്റില്‍ എന്‍റെ കാലം കഴിഞ്ഞുവെന്ന് പറയുന്നവരോട് കാത്തിരുന്നു കാണാം എന്നുമാത്രമാണ് എനിക്ക് പറയാനുള്ളത്". വാര്‍ണര്‍ പറഞ്ഞു.
ക്രിക്കറ്റിലെ തന്‍റെ പരിജ്ഞാനം യുവതാരങ്ങൾക്ക് കൈമാറാൻ ആഗ്രഹിക്കുന്നുവെന്നും ഇടങ്കയ്യന്‍ ഓപ്പണർ കൂട്ടിച്ചേര്‍ത്തു."ക്രിക്കറ്റിലെ എന്‍റെ അറിവ് പുതിയ തലമുറയ്‌ക്ക് പകര്‍ന്നു നല്‍കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ബിഗ് ബാഷില്‍ കളിക്കുമ്പോള്‍, സിഡ്നി തണ്ടേഴ്സിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ ജേസണ്‍ സാംഗയെപ്പോലെ ചുറ്റുമുള്ള താരങ്ങളെ സഹായിക്കാന്‍ എനിക്ക് കഴിയും.
വീണ്ടും ക്യാപ്റ്റനാകാനുള്ള അവസരം ലഭിക്കുകയും അവർ പഠിക്കാന്‍ തയ്യാറാവുകയും ചെയ്‌താല്‍ എന്‍റെ അറിവുകള്‍ പകര്‍ന്ന് നല്‍കാന്‍ ഞാന്‍ തയ്യാറാണ്". വാര്‍ണര്‍ വ്യക്തമാക്കി. ഓസീസിനായി 96 ടെസ്റ്റുകളില്‍ നിന്നും 46.53 ശരാശരിയില്‍ 7817 റണ്‍സാണ് വാര്‍ണര്‍ ഇതേവരെ നേടിയത്.
24 സെഞ്ചുറിയും 34 അര്‍ധസെഞ്ചുറിയുമുള്‍പ്പെടെയാണ് വാര്‍ണറുടെ പ്രകടനം. നാല് വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും ഒരുവര്‍ഷത്തേക്ക് വിലക്ക് ലഭിച്ചിരുന്ന വാര്‍ണര്‍ക്ക് ഓസീസ് ടീമിന്‍റെ നായകനാവുന്നതില്‍ ആജീവനാന്ത വിലക്കുണ്ട്.
also read: ബട്‌ലര്‍ നായകന്‍, കോലിയും സൂര്യയും ടീമില്‍; ടി20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി