മുംബൈ: ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് ഇന്ത്യയുടെയും മുംബൈ ഇന്ത്യന്‍സിന്‍റെയും നായകനായ രോഹിത് ശര്‍മ്മയ്‌ക്ക് ക്രിക്കറ്റില്‍ നിന്നും ചെറിയ ഇടവേള അനിവാര്യമാണെന്ന് മുന്‍ വെസ്റ്റ്‌ഇന്‍ഡീസ് താരം ഡാരന്‍ ഗംഗ. ഐപിഎല്ലില്‍ രോഹിത് മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് വിന്‍ഡീസ് താരത്തിന്‍റെ പ്രതികരണം. ക്രിക്കറ്റില്‍ നിന്നും ഇടവേളയെടുക്കുന്നത് രോഹിതിന് കരിയറില്‍ പുതിയ തുടക്കം നല്‍കുമെന്നും ഗംഗ പറഞ്ഞു.
'രോഹിത് എന്ന താരത്തിന്‍റെ നിലവാരം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അദ്ദേഹം നേരിടുന്ന അതേ അവസ്ഥയിലൂടെ നിരവധി താരങ്ങള്‍ കടന്ന് പോയിട്ടുണ്ട്. വിരാട് കോലി അതിനൊരു ഉദാഹരണമാണ്.
എന്നാല്‍ ക്രിക്കറ്റില്‍ നിന്നും മാറി നിന്ന ശേഷം വിരാടിന് തിരികെ വന്ന് റണ്‍സ് അടിക്കാന്‍ സാധിച്ചു. രോഹിതും സമാനമായ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ക്യാപ്‌റ്റന്‍റെ ഉത്തരവാദിത്തങ്ങളും രോഹിതിന് ഉണ്ട്.
അതുകൊണ്ട് തന്നെ ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്നും രോഹിത് ചെറിയൊരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്. അത് വരുന്ന വെല്ലുവിളികളെ പോസിറ്റീവായി നേരിടാന്‍ അദ്ദേഹത്തെ സഹായിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മാത്രമല്ല, ഈ വര്‍ഷാവസാനം നടക്കുന്ന ലോകകപ്പിലും രോഹിതിന് കീഴിലാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്' ഡാരന്‍ ഗംഗ പറഞ്ഞു.
നേരത്തെ സുനില്‍ ഗവാസ്‌കറും ഇതേ കാര്യം അഭിപ്രായപ്പെട്ടിരുന്നു. 'ഒരു ഇടവേളയെടുത്ത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടി ഊര്‍ജത്തോടെ രോഹിത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തണം. കുറച്ച് മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണം. അതിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങി വരാം. ഇപ്പോള്‍ ഒന്ന് വിശ്രമിക്കൂ. രോഹിത് അല്‍പം അസ്വസ്ഥനാണെന്നാണ് ഇപ്പോഴുള്ള പ്രകടനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ഒരുപക്ഷെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടായിരിക്കാം അങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ രോഹിതിന് ക്രിക്കറ്റില്‍ നിന്നും ചെറിയ ഒരു ഇടവേള ആവശ്യമാണെന്നാണ് ഞാന്‍ കരുതുന്നത് ' ഗവാസ്‌കര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സുനില്‍ ഗവാസ്‌കറുടെ നിര്‍ദേശം രോഹിത് പാലിക്കുന്നത് നല്ല തീരുമാനം ആയിരിക്കുമെന്നും ഡാരന്‍ ഗംഗ കൂട്ടിച്ചേര്‍ത്തു.
ഈ ഐപിഎല്‍ സീസണില്‍ ബാറ്റ് കൊണ്ട് ഇതുവരെയും തിളങ്ങാന്‍ മുംബൈ ഇന്ത്യന്‍സ് നായകനായിട്ടില്ല. 11 മത്സരം കളിച്ച രോഹിത് 191 റണ്‍സാണ് ഇതുവരെ നേടിയത്. ഒരു അര്‍ധസെഞ്ച്വറി പ്രകടനം മാത്രമാണ് താരത്തിന് ഇതുവരെ നടത്താനായത്.
അവസാനത്തെ 5 മത്സരങ്ങളില്‍ സ്‌കോര്‍ രണ്ടക്കം കടത്താനും രോഹിതിന് സാധിച്ചിട്ടില്ല. തുടര്‍ച്ചയായി രണ്ട് പ്രാവശ്യം റണ്‍സൊന്നുമെടുക്കാതെ പുറത്തായ രോഹിത് മുംബൈയുടെ അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 7 റണ്‍സായിരുന്നു നേടിയത്.