ഇസ്‌ലാമാബാദ്: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് മത്സരങ്ങളിലും തോറ്റതോടെ ഇന്ത്യ പരമ്പരയും കൈവിട്ടുകഴിഞ്ഞു. ബോളർമാരും ബാറ്റർമാരും മത്സരിച്ച് മോശം പ്രകടനം കാഴ്‌ചവച്ചാണ് ഇരു കളികളിലും ഇന്ത്യയെ തോൽവിലേക്ക് നയിച്ചത്. ഇപ്പോൾ ഇന്ത്യയുടേത് മൂന്നാംകിട ബോളിങ്ങാണെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് ബോളർ ഡാനിഷ് കനേരിയ.
'ബംഗ്ലാദേശ് ബോളർമാർ അസാധാരണമായ ബോളിങ് പുറത്തെടുത്തപ്പോൾ ഇന്ത്യയുടേത് മൂന്നാംകിട ബോളിങ്ങായിരുന്നു. ഇത് കഠിനമാണ്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ പോക്ക് എങ്ങോട്ടാണെന്ന് നിങ്ങൾ കണ്ടുതന്നെ അറിയണം. ബംഗ്ലാദേശിലെ അവസ്ഥ നാട്ടിലെ അവസ്ഥകൾക്ക് സമാനമായിരുന്നു. പക്ഷേ ഇന്ത്യൻ ബോളർമാക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഇന്ത്യൻ ബോളർമാർ ഷോട്ട്- പിച്ച് ബോളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ആരും തന്നെ ശരീരത്തിലേക്കോ, യോർക്കറുകളിലേക്കോ ലക്ഷ്യം വച്ചില്ല. സിറാജ് ഒരുപാട് റണ്‍സ് വഴങ്ങി. അയാൾക്ക് ആക്രമണോത്സുകതയുണ്ട്. പക്ഷേ ബോളിങ് അൽപം വഴിതെറ്റി പോവുകയായിരുന്നു', കനേരിയ തന്‍റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലൂടെ വ്യക്‌തമാക്കി.
പരിക്കിന്‍റെ പിടിയിൽ: ഡിസംബർ 10നാണ് പരമ്പരയിലെ മൂന്നാം മത്സരം. അതേസമയം ആശ്വാസ ജയത്തിനായിറങ്ങുന്ന ഇന്ത്യൻ ക്യാമ്പിൽ പരിക്ക് വില്ലനായി മാറിയിട്ടുണ്ട്. രണ്ടാം മത്സരത്തിൽ കയ്യിലെ തള്ളവിരലിന് പരിക്കേറ്റ നായകൻ രോഹിത് ശർമ വിദഗ്‌ധ ചികിത്സക്കായി മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. കൂടാതെ ദീപക് ചഹാർ, കുൽദീപ് സെൻ എന്നിവരും പരിക്ക് മൂലം മൂന്നാം മത്സരത്തിൽ നിന്ന് പുറത്തായിട്ടുണ്ട്.
തുടർക്കഥയായി തോൽവികൾ: പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റിന്‍റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഇന്ത്യയുടെ 186 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 46 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തി മത്സരത്തിന്‍റെ ഒരു ഘട്ടത്തിൽ ഇന്ത്യ വിജയം ഉറപ്പിച്ചെങ്കിലും മെഹ്‌ദി ഹസന്‍റെ (38) ഒറ്റയാൾ പോരാട്ടം ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
രണ്ടാം മത്സരത്തിൽ അഞ്ച് റണ്‍സിന്‍റെ വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 271 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 266 റണ്‍സേ നേടാനായുള്ളു. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 69 എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ മെഹ്‌ദി ഹസന്‍റെ സെഞ്ച്വറി പോരാട്ടമാണ് മികച്ച സ്‌കോറിലേക്ക് എത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ശ്രേയസ് അയ്യർ(82), അക്‌സർ പട്ടേൽ(56), രോഹിത് ശർമ(51) എന്നിവർക്ക് മാത്രമേ തിളങ്ങാനായുള്ളു. 28 പന്തിൽ അഞ്ച് സിക്‌സും മുന്ന് ഫോറും ഉൾപ്പെടെ 51 റണ്‍സ് നേടിയ രോഹിതിന് ഇന്ത്യയെ വിജയത്തിനരികിലേക്ക് എത്തിക്കാൻ സാധിച്ചിരുന്നു. അവസാന ഓവറിൽ വിജയലക്ഷ്യം 21 റണ്‍സായിരുന്നെങ്കിലും രോഹിതിന് 14 റണ്‍സേ നേടാനായുള്ളു.