ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റ് സെമിയില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 165 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 164 റണ്‍സെടുത്തത്. ഓപ്പണര്‍ സ്‌മൃതി മന്ദാനയുടെ അര്‍ധ സെഞ്ച്വറി കരുത്താണ് ഇന്ത്യയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.
32 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 61 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. 31 പന്തില്‍ 44 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസിനും നിര്‍ണായകമായി. മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായ സ്‌മൃതിയും ഷഫാലിയും നല്‍കിയത്. ഒരറ്റത്ത് ഷഫാലിയെ സാക്ഷിയാക്കി മന്ദാന അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചു.
എട്ടാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഷഫാലി(15) പുറത്താവുമ്പോള്‍ 76 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലില്‍ ഉണ്ടായിരുന്നത്. ഫ്രേയ കെംപാണ് ഷഫാലിയെ തിരിച്ച് കയറ്റിയത്. വൈകാതെ മന്ദാനയും മടങ്ങി. നതാലി സ്‌കിവറിനാണ് വിക്കറ്റ്. തുടര്‍ന്ന് എത്തിയ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് തിളങ്ങാനായില്ല.
20 പന്തില്‍ 20 റണ്‍സെടുത്ത താരത്തെ ഫ്രേയ കെംപ് പുറത്താക്കി. തുടര്‍ന്ന് ഒന്നിച്ച ജമീമ- ദീപ്‌തി ശര്‍മ (20 പന്തില്‍ 22) സഖ്യം ഇന്ത്യയെ 150 കടത്തി. 53 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. ഇംഗ്ലണ്ടിനായി ഫ്രേയ കെംപ് മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
ഇന്ത്യ: സ്‌മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റന്‍), തനിയ ഭാട്ടിയ, ദീപ്‌തി ശർമ, പൂജ വസ്‌ത്രാകർ, രാധ യാദവ്, സ്‌നേഹ റാണ, മേഘ്‌ന സിങ്, രേണുക സിങ്.
ഇംഗ്ലണ്ട്: ഡാനിയേൽ വ്യാറ്റ്, സോഫിയ ഡങ്ക്‌ലി, നതാലി സ്‌കിവര്‍ (ക്യാപ്‌റ്റന്‍), ആമി ജോൺസ്, മയിയ ബൗചിയർ, ആലീസ് കാപ്‌സി, കാതറിൻ ബ്രന്‍റ്, സോഫി എക്‌ലെസ്റ്റോണ്‍, ഫ്രേയ കെംപ്, ഇസി വോങ്, സാറാ ഗ്ലെൻ.