ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റിന്‍റെ ഫൈനലുറപ്പിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. സെമിഫൈനൽ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടാണ് എതിരാളി. എഡ്‌ജ്‌ബാസ്റ്റണില്‍ വൈകീട്ട് 3.30 നാണ് മത്സരം ആരംഭിക്കുക.
ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ സെമി ഫൈനലിലെത്തിയത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ സംഘം തുടര്‍ന്ന് പാകിസ്ഥാനെതിരെയും ബാര്‍ബഡോസിനെതിരേയും തകര്‍പ്പന്‍ ജയം പിടിച്ചിരുന്നു.
പാകിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ ബാര്‍ബഡോസിനെ 100 റണ്‍സിനാണ് നിലംപരിശാക്കിയത്. സ്‌മൃതി മന്ദാന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, രേണുക സിങ് തുടങ്ങിയ താരങ്ങളുടെ പ്രകടനം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവും.
മറുവശത്ത് ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്‍റെ വരവ്. ആലീസ് കാപ്‌സി, സോഫി എക്‌ലെസ്റ്റോണ്‍ എന്നിവരുടെ മിന്നും ഫോമാണ് ഹെതർ നൈറ്റിന്‍റെ സംഘത്തിന്‍റെ ആത്മവിശ്വാസം. ഡാനി വ്യാറ്റ്, നാറ്റ് സ്കൈവര്‍, കാതറിൻ ബ്രന്‍റ് എന്നിവരുടെ പ്രകടനവും ആതിഥേയര്‍ക്ക് നിര്‍ണായകമാവും.
എങ്ങനെ കാണാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള കോമൺവെൽത്ത് ഗെയിംസ് ടി20 മത്സരം സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും. സോണിലിവ് അപ്പിലും മത്സരം ലഭ്യമാണ്.