മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ 15-ാം പതിപ്പിന് മുന്നോടിയായുള്ള മെഗാ താരലേലം (IPL Auction) നടക്കാനിരിക്കെ ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്ത്. ഇതിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്നത് മഹേന്ദ്രസിങ് ധോണിയുമായി ബന്ധപ്പെട്ട വാർത്തകൾക്കായിരുന്നു. മൂന്ന് വർഷത്തേക്ക് ധോണിയെ ചെന്നൈ നിലനിർത്തും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് റിപ്പോര്‍ട്ട്. ധോണിക്ക് പുറമേ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെയും ടീം നിലനിർത്തും. വിദേശ താരമായി മൊയിന്‍ അലിയെയാണ് പരിഗണിക്കുന്നത്. എന്നാൽ സാം കറനും നറുക്കുവീഴാൻ സാധ്യതയുണ്ട്.
രാഹുൽ പുതിയ ടീമിൽ
പഞ്ചാബ് കിങ്സ് നായകൻ കെ.എൽ രാഹുൽ ടീം വിടുമെന്ന് നേരത്തേതന്നെ സൂചന നൽകിയിരുന്നു. താരത്തെ പുതിയ ടീമുകളായ അഹമ്മദാബാദ്, ലക്‌നൗ എന്നീ ടീമുകളിലൊന്നിന്‍റെ നായകനായി പരിഗണിക്കും. ലക്‌നൗ ടീമാണ് രാഹുലിനായി മുൻപന്തിയിൽ.
മുംബൈ ഇന്ത്യൻസ് ക്യാപ്‌റ്റൻ രോഹിത് ശർമയെയും ബോളർ ജസ്പ്രീത് ബുംറയെയും നിലനിർത്തും. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നീ താരങ്ങളിൽ ഒരാളെയും നിലനിർത്തിയേക്കും. വിദേശ താരമായി പൊള്ളാർഡിനെയാണ് ടീം പരിഗണിക്കുക.
അയ്യർ ഡൽഹി വിട്ടേക്കും
ഡൽഹി ക്യാപ്പിറ്റൽസിനെ അടുത്ത സീസണിലും റിഷഭ് പന്ത് തന്നെ നയിക്കും. പന്തിനെ നായകനാക്കിയാൽ ശ്രേയസ് അയ്യർ ടീം വിടാനാണ് സാധ്യത. അങ്ങനെവന്നാൽ പൃഥ്വി ഷാ, അക്‌സർ പട്ടേൽ എന്നിവരെ ടീം നിലനിർത്തും. വിദേശ താരമായി ആൻറിച്ച് നോർക്യയെയും പരിഗണിക്കും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിദേശ താരങ്ങളായ ആന്ദ്രെ റസൽ, സുനിൽ നരെയ്‌ൻ എന്നിവർക്കാണ് പ്രധാനമായും പരിഗണന നൽകുന്നത്. ശുഭ്‌മാന്‍ ഗില്ലിനെയും വരുണ്‍ ചക്രവർത്തിയേയും നിലനിർത്താനും ടീം ശ്രമിക്കുന്നുണ്ട്.
ALSO READ: UEFA Champions League | പിഎസ്‌ജിയെ തകർത്തി സിറ്റി, മിലാനും ലിവർപൂളിനും റയൽമാഡ്രിഡിനും ജയം
മറ്റ് ടീമുകളായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ ആരെയൊക്കെ നിലനിർത്തും എന്നതിൽ ഇനിയും വ്യക്‌തതയായിട്ടില്ല.