ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ തങ്ങളുടെ ഫ്രാഞ്ചൈസിയുടെ പരിശീലകനെ തിരഞ്ഞെടുത്ത് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ഉടമയായ ആർപിഎസ്‌ജി ഗ്രൂപ്പ്. ദക്ഷിണാഫ്രിക്കയുടെ മുൻ താരം ലാൻസ് ക്ലൂസ്‌നറെയാണ് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി തിരഞ്ഞെടുത്തത്. ഡർബൻ ആസ്ഥാനമായ ഫ്രാഞ്ചൈസിയാണ് ആർപിഎസ്‌ജി ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുള്ളത്.
ആർപിഎസ്‌ജി കുടുംബത്തിൽ ചേരാനാവുന്നത് ബഹുമതി ആണെന്ന് ക്ലൂസ്‌നർ പ്രസ്‌താവനയിൽ പറഞ്ഞു. മുന്നിലുള്ള പുതിയ വെല്ലുവിളിയില്‍ അഭിമാനിക്കുന്നു. ടീമിനെ കാണാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ അഫ്‌ഗാനിസ്ഥാൻ പുരുഷ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു ക്ലൂസ്‌നർ. 2019 സെപ്‌റ്റംബർ മുതൽ 2021 ഡിസംബർ വരെയാണ് ക്ലൂസ്‌നർ ടീമിനെ പരിശീലിപ്പിച്ചത്. ക്ലൂസ്‌നർക്ക് കീഴില്‍ 2021ൽ യുഎഇയിലും ഒമാനിലും നടന്ന ടി20 ലോകകപ്പില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്താന്‍ അഫ്‌ഗാന് കഴിഞ്ഞിരുന്നു. ക്ലൂസ്‌നറുടെ പരിശീലന കാലത്ത് മൂന്ന് ടെസ്റ്റില്‍ ഒരു ജയം നേടിയ അഫ്‌ഗാന്‍, ആറ് ഏകദിനങ്ങളിൽ മൂന്നും, 14 ടി20കളിൽ ഒമ്പതും ജയം നേടിയിട്ടുണ്ട്.
സിംബാബ്‌വെയുടെയും ദക്ഷിണാഫ്രിക്കയുടെയും ബാറ്റിങ് പരിശീലകനായും ക്ലൂസ്‌നര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ടീമായ ഡോൾഫിൻസിന്‍റെ മുഖ്യ പരിശീലകനും, ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി മുംബൈ ഇന്ത്യൻസിന്‍റെ ബൗളിങ് പരിശീലകനുമായിരുന്നു.
1996നും 2004നും ഇടയിലാണ് ക്ലൂസ്‌നർ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചത്. ടെസ്റ്റിലും ഏകദിനത്തിലുമായി 5482 റൺസും 272 വിക്കറ്റുകളും ഓൾറൗണ്ടറായ താരം നേടിയിട്ടുണ്ട്.
അതേസമയം ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിലെ മുഴുവന്‍ ഫ്രാഞ്ചൈസികളും സ്വന്തമാക്കിയത് ഐപിഎല്‍ ടീം ഉടമകളാണ്. ലഖ്‌നൗവിനെ കൂടാതെ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നിവയും, ഡൽഹി കാപിറ്റൽസിന്‍റെ ഉടമകളിൽ ഒരാളുമാണ് ടീമുകള്‍ നേടിയത്. അടുത്ത ജനുവരിയിലാണ് ലീഗ് ആരംഭിക്കുക.
also read: IND VS WI | അക്‌സറിന്‍റെ സിക്‌സര്‍ പൂരം ; ധോണിയുടെ 17 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ന്നു