2019 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യൻ മുൻ നായകനും ഇന്ത്യ എ, അണ്ടർ 19 ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഏറെ മാറിയെന്നും ലോകകപ്പില്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വിജയം കുറിയ്ക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി.
സെലക്ടർമാർക്ക് ടീം തെരഞ്ഞെടുപ്പ് എന്നും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ് എന്നാല്‍ ലോകകപ്പിനായി തെരഞ്ഞെടുത്ത ഇന്ത്യൻ ടീം സന്തുലിതവും മികച്ചതുമാണെന്നുമാണ് ദ്രാവിഡിന്‍റെ അഭിപ്രായം. വിവിധ രീതികളില്‍ പ്രയോഗിക്കാൻ കഴിയുന്ന താരങ്ങളെയാണ് ഇത്തവണ സെലക്ടർമാർ തെരഞ്ഞെടുത്തിരിക്കുന്നതെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. അതുകൊണ്ട് ലോകകപ്പില്‍ റായിഡുവിന്‍റെയും പന്തിന്‍റെയും അഭാവം ഇന്ത്യയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിലെ ഏകദിന ക്രിക്കറ്റില്‍ നിരവധി മാറ്റങ്ങൾ വന്നു കഴിഞ്ഞുവെന്ന് ദ്രാവിഡ് അഭിപ്രായപ്പെട്ടു. സ്വിംഗും സീമും നിറഞ്ഞ നിന്നിരുന്ന പഴയ ഇംഗ്ലണ്ടില്‍ നിന്ന് കൂറ്റൻ സ്കോറുകൾ പിറക്കുന്ന പുതിയ പിച്ചുകൾ ഇംഗ്ലണ്ടില്‍ വന്ന് തുടങ്ങിയെന്നും ദ്രാവിഡ് പറഞ്ഞു. 1999ലായിരുന്നു ഇംഗ്ലണ്ട് ഇതിന് മുമ്പ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. അന്ന് 461റൺസെടുത്ത ദ്രാവിഡായിരുന്നു റൺവേട്ടയില്‍ മുന്നില്‍.