ലോക ക്രിക്കറ്റില്‍ ഇന്ന് വമ്പന്മാരാണ് ടീം ഇന്ത്യ. വിരാട് കോലി (Virat Kohli), രോഹിത് ശര്‍മ (Rohit Sharma), ശുഭ്‌മാന്‍ ഗില്‍ (Shubman Gill), ജസ്പ്രീത് ബുംറ (Jasprit Bumrah) അങ്ങനെ സ്വന്തം നാട്ടിലും വിദേശത്തും കളികള്‍ ജയിപ്പിക്കാന്‍ ശേഷിയുള്ള നിരവധി താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയ്‌ക്കുണ്ട്. 21-ാം നൂറ്റാണ്ടില്‍ പല എതിരാളികള്‍ക്കും പേടിസ്വപ്‌നമായ ടീം ഇന്ത്യ പല അട്ടിമറി വിജയങ്ങളും സ്വന്തമാക്കിയാണ് ഇന്ന് ഈ കാണുന്ന നിലയില്‍ എത്തിയിരിക്കുന്നത് (Cricket World Cup 2023 Story About Team India).
കരുത്തര്‍ ജയിക്കും, കുഞ്ഞന്മാര്‍ തോല്‍ക്കും. അതാണല്ലോ പതിവ്. ഇനി മറിച്ച് എന്തെങ്കിലും സംഭവിക്കണമെങ്കിലോ...? അത്ഭുതം തന്നെ നടക്കണം. അങ്ങനെ സംഭവിച്ച ഒരു അത്ഭുതമായിരുന്നു 1983ല്‍ കപിലിന്‍റെ ചെകുത്താന്മാരുടെ ഏകദിന ലോകകപ്പ് നേട്ടം.
ക്രിക്കറ്റില്‍ പറയത്തക്ക പാരമ്പര്യങ്ങളൊന്നുമില്ലാതെ ഇംഗ്ലണ്ടില്‍ നടന്ന മൂന്നാം ലോകകപ്പില്‍ പോരടിക്കാന്‍ വണ്ടി കയറിയ ടീമാണ് ഇന്ത്യ. ആദ്യ രണ്ട് ഏകദിന ക്രിക്കറ്റ് ലോകകപ്പിലും മത്സരിക്കാന്‍ ഇന്ത്യയുമുണ്ടായിരുന്നു. എന്നാല്‍, അവകാശപ്പെടാനുണ്ടായിരുന്നത് 1975ലെ പ്രഥമ ലോകകപ്പില്‍ ദുര്‍ബലരായ ഈസ്റ്റ് ആഫ്രിക്കയെ തകര്‍ത്ത് നേടിയ ഒരു ജയവും.
ഇങ്ങനെ വലുതായൊന്നും അവകാശപ്പെടാനില്ലാതെ മൂന്നാം ലോകകപ്പ് കളിക്കാന്‍ എത്തിയ ടീം ഇന്ത്യയെ അത്ര പെട്ടെന്നൊന്നും ആരും മറക്കാന്‍ വഴിയില്ല. കാരണം, പരിശീലകനും ഫിസിയോയും സ്‌പോണ്‍സര്‍മാരുമില്ലാതെ ആയിരുന്നു കപിലിന്‍റെയും സംഘത്തിന്‍റെയും വരവ്. ആദ്യ മത്സരങ്ങള്‍ തന്നെ പരാജയപ്പെട്ട് അതിവേഗം അവര്‍ നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു പലരുടെയും കണക്കുകൂട്ടല്‍. എന്നാല്‍, ഇന്ത്യന്‍ നായകനായിരുന്ന കപില്‍ ദേവും സംഘവും ആഗ്രഹിച്ചിരുന്നത് ആ കിരീടം ഇംഗ്ലീഷ് മണ്ണില്‍ നിന്നും നേടി മടങ്ങണമെന്ന് തന്നെയായിരുന്നു.
ചാമ്പ്യന്മാരെ വീഴ്‌ത്തിയുള്ള തുടക്കം : അങ്ങനെ പോരാട്ടങ്ങള്‍ ആരംഭിച്ചു. 1983 ജൂണ്‍ 9ന് ടീം ഇന്ത്യ മൂന്നാം ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങി (Cricket World Cup 1983). ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ വെസ്റ്റ് ഇന്‍ഡീസായിരുന്നു ആ കളിയില്‍ ഇന്ത്യയുടെ എതിരാളി.
കരുത്തരായ വിന്‍ഡീസ് ഇന്ത്യന്‍ വെല്ലുവിളി അനായാസം മറികടക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞു. വിന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്ക് 34 റണ്‍സിന്‍റെ അപ്രതീക്ഷിത ജയം. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ കുതിപ്പിന്‍റെ തുടക്കമായിരുന്നു ഓള്‍ഡ്ട്രാഫോര്‍ഡില്‍ അന്നുണ്ടായത്.
രണ്ടാമത്തെ കളിയില്‍ സിംബാബ്‌വെയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്‍റെ ജയവും നേടിയതോടെ ഇന്ത്യന്‍ ആരാധകരിലും പ്രതീക്ഷകള്‍ ഉടലെടുത്തു. എന്നാല്‍, മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 162 റണ്‍സിന്‍റെയും നാലാം മത്സരത്തില്‍ വിന്‍ഡീസിനോട് 66 റണ്‍സിന്‍റെയും തോല്‍വി വഴങ്ങിയതോടെ ഇന്ത്യന്‍ കുതിപ്പ് അവിടെ അവസാനിക്കുമെന്ന് ഏവരും കരുതി.
എന്നാല്‍, ടൂര്‍ണമെന്‍റിലെ അഞ്ചാം മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ നടത്തിയ തിരിച്ചുവരവ് ആ മത്സരത്തിലേത് മാത്രമായിരുന്നില്ല.ലോകകപ്പിലേക്കുള്ള യാത്രയുടേതുമായിരുന്നു.
ആ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യവെ ഒരു ഘട്ടത്തില്‍ 27-5 എന്ന നിലയില്‍ വീണ ഇന്ത്യ നായകന്‍ കപില്‍ ദേവിന്‍റെ റെക്കോഡ് സെഞ്ച്വറിയുടെ കരുത്തില്‍ 266 റണ്‍സ് നേടിയാണ് തിരികെ കയറിയത്. പിന്നീട്, സിംബാബ്‌വെയെ 31 റണ്‍സിന് തോല്‍പ്പിച്ച് പ്രതീക്ഷകള്‍ വീണ്ടും കപിലും സംഘവും സജീവമാക്കി.
എന്നാല്‍, മുന്നിലേക്കുള്ള യാത്ര ഇന്ത്യയ്‌ക്ക് അത്ര എളുപ്പമായിരുന്നില്ല. അവസാന നാലില്‍ സ്ഥാനം പിടിക്കണമെങ്കില്‍ തോല്‍പ്പിക്കേണ്ടത് കരുത്തരായ കങ്കാരുപ്പടയെ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയത് 247 റണ്‍സ് മാത്രമായിരുന്നു.
കരുത്തുറ്റ ഓസീസ് ബാറ്റിങ് നിര നിശ്ചിത 60 ഓവറില്‍ ഈ സ്‌കോര്‍ മറികടക്കുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍, മദന്‍ ലാലും റോജര്‍ ബിന്നിയും ചേര്‍ന്ന് കങ്കാരുപ്പടയുടെ പ്രതീക്ഷകള്‍ എറിഞ്ഞിട്ടു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലെ തോല്‍വിയുടെ മധുരപ്രതികാരമെന്നോണം നിര്‍ണായക കളിയില്‍ 118 റണ്‍സിന്‍റെ ജയവുമായി ഇന്ത്യ സെമിയിലേക്ക്.
ഇംഗ്ലീഷ് മണ്ണിലെ ഇന്ത്യന്‍ കുതിപ്പ് : ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുമെന്ന് പലരും വിധിയെഴുതിയ ടീം, ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുന്നു. ഇന്ത്യയിലുള്ള കളിയാസ്വാദകരും ഏറെ ആവേശത്തിലായ നിമിഷം. ആ ആവേശങ്ങള്‍ക്കിടയിലും കപിലിനും സംഘത്തിനും സെമി കടക്കാന്‍ കഴിയുമോ എന്ന ആശങ്ക ഏവരിലുമുണ്ടായിരുന്നു.
കാരണം, സെമിയില്‍ നേരിടേണ്ടത് അന്ന് കിരീട സാധ്യത കല്‍പ്പിച്ചിരുന്ന ഇംഗ്ലണ്ടിനെയും. 1983 ജൂണ്‍ 22ന് ഓള്‍ഡ്ട്രോഫോര്‍ഡില്‍ ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടത്തിന് വേദിയൊരുങ്ങി.
ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഇന്ത്യയ്‌ക്കെതിരെ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. ആദ്യ ഇന്നിങ്സില്‍ അവര്‍ നേടിയത് 213 റണ്‍സ് മാത്രമായിരുന്നു. മറുപടി ബാറ്റിങ്ങില്‍ കരുതലോടെ കളിച്ച ബാറ്റര്‍മാര്‍ ഇന്ത്യയെ 55-ാം ഓവറില്‍ ജയത്തിലേക്കും കലാശപ്പോരിലേക്കുമെത്തിച്ചു. മറുവശത്ത് ഇന്ത്യയുടെ അയല്‍ക്കാരായ പാകിസ്ഥാനെ രണ്ടാം സെമിയില്‍ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് തുടര്‍ച്ചയായ മൂന്നാം പ്രാവശ്യവും ഫൈനലിന് യോഗ്യത നേടി.
1983 ജൂണ്‍ 25നായിരുന്നു ലോക ക്രിക്കറ്റ് ആസ്വാദകര്‍ കാത്തിരുന്ന ആ ഫൈനല്‍. മൂന്നാം കിരീടം ലക്ഷ്യമിടുന്ന വിന്‍ഡീസും പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തിയെത്തിയ ഇന്ത്യയും തമ്മിലുള്ള കലാശക്കൊട്ട്. കിരീടം ഇന്ത്യ ഉയര്‍ത്തുമെന്ന് വിശ്വസിക്കാന്‍ അപ്പോഴും മടിക്കുന്നവരുണ്ടായിരുന്നു.
കലാശപ്പോരിലെ ടോസ് ഭാഗ്യം വെസ്റ്റ് ഇന്‍ഡീസിനൊപ്പമായിരുന്നു. ടോസ് ലഭിച്ച വിന്‍ഡീസ് നായകന്‍ ക്ലൈവ് ലോയ്‌ഡ് ആദ്യം ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആന്‍ഡി റോബര്‍ട്‌സ്, മാല്‍കോം മാര്‍ഷല്‍ ഉള്‍പ്പടെയുള്ള ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കി. 183 റണ്‍സ് മാത്രം നേടി ഇന്ത്യ ഓള്‍ഔട്ട്.
ഇതോടെ, അനായാസം മൂന്നാം ലോകകിരീടത്തിലേക്ക് വിന്‍ഡീസ് നടന്നെത്തുമെന്ന് ഏവരും കരുതി. എന്നാല്‍, അവിടെ ഫലം മറ്റൊന്നായിരുന്നു. മദന്‍ലാലും അമര്‍നാഥും പേരുകേട്ട വിന്‍ഡീസ് ബാറ്റര്‍മാരുടെ അന്തകന്മാരായി. വിന്‍ഡീസിന്‍റെ പോരാട്ടം 140 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യ ലോക ചാമ്പ്യന്മാരും.
Also Read : ODI World Cup 2023 India Batters: 'ബാറ്റർമാർ സെറ്റാണ്', റൺമഴയൊരുക്കി നേടണം ലോക കിരീടം
ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുകാലത്തും മറക്കാന്‍ കഴിയാത്ത കഥ. അതാണ്, 1983ലെ കപിലിന്‍റെ ചെകുത്താന്മാരുടെ കുതിപ്പ്. അവിടെ നിന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് മറ്റൊരു യാത്ര തുടങ്ങിയതും.