അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിനായി ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും (South Africa vs Afghanistan) ഇറങ്ങുന്നു. പോയിന്‍റ് പട്ടികയിലെ ആറാം സ്ഥാനക്കാരായ അഫ്‌ഗാനിസ്ഥാന് പ്രോട്ടീസിനെതിരെ വമ്പന്‍ ജയം നേടിയാലും സെമി ഫൈനലിലേക്ക് മുന്നേറാന്‍ വിദൂര സാധ്യത മാത്രമാണുള്ളത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് (നവംബര്‍ 10) ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ഒറ്റയാള്‍ പോരാട്ടം കണ്ട അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് പൊരുതി തോറ്റാണ് അഫ്‌ഗാനിസ്ഥാന്‍ ലോകകപ്പിലെ അവസാന മത്സരത്തിനായിറങ്ങുന്നത്. എട്ട് മത്സരത്തില്‍ നാല് ജയം സ്വന്തമാക്കിയ അവര്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇന്ന് പ്രോട്ടീസിനെതിരെ 400+ റണ്‍സിന്‍റെയെങ്കിലും ജയം നേടാന്‍ സാധിച്ചെങ്കില്‍ മാത്രമെ അഫ്‌ഗാന് നെറ്റ് റണ്‍ റേറ്റ് അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ എത്താന്‍ സാധിക്കൂ.
വിദൂര സാധ്യതകള്‍ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ടൂര്‍ണമെന്‍റില്‍ ജയത്തോടെ മടങ്ങാനുള്ള ശ്രമമായിരിക്കും അഫ്‌ഗാന്‍ നടത്തുന്നത്. ഇബ്രാഹിം സദ്രാന്‍, റഹ്മാനുള്ള ഗുര്‍ബാസ്, റഹ്മത്ത് ഷാ, നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി എന്നിവരിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷകളേറെയും. ഓസ്‌ട്രേലിയക്കെതിരെ തല്ല് വാങ്ങി കൂട്ടിയ മുജീബ് ഉര്‍ റഹ്‌മാന്‍ വീണ്ടും താളം കണ്ടെത്തിയാല്‍ ബൗളിങ്ങില്‍ അവര്‍ക്ക് ആശങ്കപ്പെടേണ്ടി വരില്ല.
ഇന്ത്യയ്‌ക്ക് പിന്നാലെ ലോകകപ്പ് സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച രണ്ടാമത്തെ ടീമാണ് ദക്ഷിണാഫ്രിക്ക. എട്ട് മത്സരങ്ങളില്‍ ആറിലും ജയിച്ച അവര്‍ 12 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട പ്രോട്ടീസിന് സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടുന്നതിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്.
അഫ്‌ഗാനിസ്ഥാന്‍റെ ബൗളിങ് നിരയെ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരത്തിന്‍റെ ഗതി നിര്‍ണയിക്കപ്പെടുന്നത്. അവസാന മത്സരത്തില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും ദക്ഷിണാഫ്രിക്ക അമ്പേ പരാജയമായിരുന്നു. സെമിഫൈനലിന് മുന്‍പ് താരങ്ങള്‍ക്ക് താളം വീണ്ടെടുക്കാന്‍ ലഭിക്കുന്ന അവസാന അവസരം കൂടിയാണ് ഇന്നത്തേത്.
ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 സ്ക്വാഡ് (Cricket World Cup 2023 South Africa Squad): ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെൻഡ്രിക്‌സ്, ടെംബ ബാവുമ (ക്യാപ്‌റ്റന്‍), റാസി വാന്‍ഡര്‍ ഡസന്‍, എയ്‌ഡന്‍ മാര്‍ക്രം, ഹെൻറിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡ് കോയ്‌റ്റ്‌സീ, ലുങ്കി എൻഗിഡി, കാഗിസോ റബാഡ, തബ്രയിസ് ഷംസി, ലിസാദ് വില്യംസ്, കേശവ് മഹാരാജ്, ആൻഡിലെ ഫെഹ്‌ലുക്‌വായോ.
അഫ്‌ഗാനിസ്ഥാന്‍ ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ് (Cricket World Cup 2023 Afghanistan Squad): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്‌റ്റന്‍), നജീബുള്ള സദ്രാൻ, അസ്‌മത്തുള്ള ഒമർസായി, റിയാസ് ഹസൻ, മുഹമ്മദ് നബി, റാഷിദ് ഖാൻ, നൂർ അഹമ്മദ്, നവീന്‍ ഉല്‍ ഹഖ്, ഫസല്‍ഹഖ് ഫറൂഖി, മുജീബ് ഉർ റഹ്മാൻ, ഇക്രം അലിഖിൽ, അബ്‌ദുല്‍ റഹ്‌മാന്‍.