ഏതൊരു ഐസിസി ടൂര്‍ണമെന്‍റ് വന്നാലും ക്രിക്കറ്റ് പണ്ഡിതര്‍ കിരീട സാധ്യത പ്രവചിക്കുന്ന ടീമാണ് ഇന്ത്യ (Team India). സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് പലപ്പോഴും ഇന്ത്യയെ പലരുടെയും കണ്ണില്‍ ഫേവറിറ്റ്‌സുകളാക്കുന്നത്. എന്നാല്‍, ഒരു ഐസിസി കിരീടം ഇന്ത്യയുടെ ഷെല്‍ഫിലേക്ക് എത്തിയിട്ട് പത്ത് വര്‍ഷത്തോളമായി (Cricket World Cup 2023 Indian Team's Journey In History).
2013ല്‍ ഇംഗ്ലണ്ടില്‍ പോയി നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യയ്‌ക്ക് അവകാശപ്പെടാനുള്ള ഒരു നേട്ടം. അതിന് ശേഷം ലിമിറ്റഡ് ഓവറില്‍ (ODI & T20I) ഐസിസിയുടെ പ്രധാന ടൂര്‍ണമെന്‍റുകളില്‍ രണ്ട് തവണ ഫൈനലിലും നാല് പ്രാവശ്യം സെമിയിലും തോറ്റ് മടങ്ങാനായിരുന്നു ടീം ഇന്ത്യയുടെ വിധി. ഇക്കുറി സ്വന്തം മണ്ണില്‍ ലോകകപ്പിനായി ഇറങ്ങുമ്പോള്‍ 1983ല്‍ കപില്‍ ദേവും 2011ല്‍ ധോണിയും മാത്രം ഇന്ത്യയ്‌ക്കായി എടുത്തുയര്‍ത്തിയ കിരീടം സ്വന്തമാക്കാന്‍ രോഹിത് ശര്‍മയ്‌ക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സമീപകാലത്തായി രാജ്യാന്തര തലത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് ടീം ഇന്ത്യ നടത്തുന്നത്. അടുത്തിടെ ഏഷ്യ കപ്പില്‍ ചാമ്പ്യന്മാരായ അവര്‍ അതിന് പിന്നാലെ നടന്ന ഓസ്‌ട്രേലിയന്‍ പരമ്പരയും അനായാസം സ്വന്തമാക്കിയിരുന്നു. ഇതോടെ സ്വന്തമായ, ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവുമായാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.
പ്രതിഭകളാല്‍ സമ്പന്നമാണ് എക്കാലവും ഇന്ത്യന്‍ ടീം. സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അങ്ങനെ പല ഇതിഹാസങ്ങളും ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. ഇക്കുറിയും താരനിബിഡമാണ് ഇന്ത്യന്‍ ടീം. രോഹിത് ശര്‍മ, വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍, ജസ്‌പ്രീത് ബുംറ അങ്ങനെ നീളും പേരുകള്‍.
മൂന്നാം ലോകകപ്പ് ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ ഈ താരങ്ങള്‍ തന്നെയാണ് ടീമിന്‍റെ പ്രധാന പ്രതീക്ഷയും. കൂടാതെ, യുവതാരങ്ങളുടെ ഫോമും ടീമിന് ആശ്വാസം. ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയെ നേരിട്ടുകൊണ്ടാണ് ഈ ലോകകപ്പില്‍ ഇന്ത്യയുടെ യാത്ര ആരംഭിക്കുന്നത്.
ഇന്ത്യന്‍ ജനതയുടെ വികാരമായ ക്രിക്കറ്റ് : 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള കായിക വിനോദമാണ് ക്രിക്കറ്റ്. 18-ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ക്രിക്കറ്റ് കൂടുതല്‍ പ്രചാരം നേടുന്നത് 1983 ലെ ഏകദിന ലോകകപ്പോട് കൂടിയാണ്. അവകാശപ്പെടാന്‍ ചരിത്രങ്ങളൊന്നുമില്ലാതെ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയ കപിലിന്‍റെ ചെകുത്താന്മാര്‍ കിരീടവുമായിട്ടായിരുന്നു അവിടെ നിന്നും മടങ്ങിയത്.
അതിന് മുന്‍പ് 1975ലെയും 1979ലെയും ലോകകപ്പുകളില്‍ ആദ്യ റൗണ്ടില്‍ തന്നെ നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ വിധി. എന്നാല്‍, 1983ല്‍ പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു ടീം ഇന്ത്യയുടെ കുതിപ്പ്. ഒടുവില്‍ ഹാട്രിക്ക് കിരീടം തേടിയെത്തിയ വിന്‍ഡീസിനെ തകര്‍ത്ത് ആദ്യമായി ലോകകിരീടം സ്വന്തമാക്കാനും ഇന്ത്യയ്‌ക്ക് സാധിച്ചു.
ചാമ്പ്യന്മാരുടെ പ്രതാപത്തില്‍ 1987ലെ ലോകകപ്പിന് ഇറങ്ങിയ ഇന്ത്യയ്‌ക്ക് സെമി ഫൈനലിലാണ് കാലിടറിയത്. ഇംഗ്ലണ്ടിനോട് തോറ്റുകൊണ്ടായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ പുറത്താകല്‍. 1992ല്‍ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി നടന്ന ലോകകപ്പില്‍ ടീം ഇന്ത്യ പിന്നിലേക്ക് വീണു.
മുന്‍ ചാമ്പ്യന്മാരും സെമി ഫൈനലിസ്റ്റുകളുമായിരുന്ന ഇന്ത്യ ഏഴാം സ്ഥാനക്കാരായിട്ടായിരുന്നു അന്ന് നാട്ടിലേക്ക് മടങ്ങിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്‌ക്കായി ആദ്യ ലോകകപ്പ് കളിച്ച വര്‍ഷം കൂടിയായിരുന്നു അത്.
1996ലും ഇന്ത്യ സെമിയിലെത്തി. ശ്രീലങ്കയായിരുന്നു അന്ന് സെമിയില്‍ ഇന്ത്യന്‍ ടീമിന്‍റെ വഴി തടഞ്ഞത്. 1999ല്‍ ആറാം സ്ഥാനക്കാരായിട്ടായിരുന്നു ടീം ഇന്ത്യയുടെ മടക്കം. ഇന്ത്യയുടെ കുതിപ്പായിരുന്നു 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ കണ്ടത്.
സച്ചിനും നായകന്‍ ഗാംഗുലിയുമെല്ലാം ടീമിനായി തകര്‍ത്തടിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ ഒഴികെയുള്ള എല്ലാ ടീമിനെയും ഇന്ത്യ തോല്‍പ്പിച്ചു. സൂപ്പര്‍ സിക്‌സിലും ഇത് തന്നെ ആവര്‍ത്തിച്ചു. സെമിയില്‍ കെനിയയെ തകര്‍ത്ത് ഫൈനലിലെത്തിയ ഇന്ത്യയെ വീണ്ടും കരുത്തരായ ഓസ്‌ട്രേലിയ മുട്ടുകുത്തിച്ചു. 673 റണ്‍സായിരുന്നു ആ ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്‌ക്കായി നേടിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറക്കാന്‍ ആഗ്രഹിക്കുന്ന ലോകകപ്പാണ് 2007ലേത്. അന്ന് വമ്പന്‍ താരനിരയുമായി വെസ്റ്റ് ഇന്‍ഡീസിലെത്തിയ സംഘം ആദ്യ റൗണ്ടില്‍ തന്നെ ലോകകപ്പില്‍ നിന്നും പുറത്തായി. ക്രിക്കറ്റിലെ കുഞ്ഞന്മാരായിരുന്ന ബംഗ്ലാദേശിനോട് ഉള്‍പ്പടെ തോറ്റുകൊണ്ടായിരുന്നു ടീം ഇന്ത്യയുടെ പുറത്താകല്‍.
ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും വേദിയായ ലോകകപ്പായിരുന്നു 2011ലേത്. എംഎസ് ധോണിക്ക് കീഴില്‍ കളത്തിലിറങ്ങിയ ഇന്ത്യ നീണ്ട 28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത് അന്നായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ അവസാന ലോകകപ്പ് കൂടിയായിരുന്നു അത്.
2015ല്‍ ലേകകപ്പ് ഓസ്‌ട്രേലിയയിലേക്ക്. ഇന്ത്യയുടെ പോരാട്ടം സെമി ഫൈനലില്‍ അവസാനിച്ചു. ശരാശരി ടീമുമായി എത്തിയ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയോട് തോറ്റാണ് തിരികെ നാട്ടിലേക്ക് മടങ്ങിയത്.
2019ലും ഇന്ത്യയുടെ പോരാട്ടം സെമി ഫൈനലിലാണ് അവസാനിച്ചത്. വിരാട് കോലിക്ക് കീഴിലായിരുന്നു ഇംഗ്ലണ്ടില്‍ നടന്ന ആ ലോകകപ്പില്‍ ഇന്ത്യ കളിച്ചത്. അന്ന് ന്യൂസിലന്‍ഡിന് മുന്നിലായിരുന്നു ടീം ഇന്ത്യ തകര്‍ന്നുവീണത്.