ചെന്നൈ : രാജ്യത്തിന്‍റെ വിവിധ കോണുകളിലെ പത്ത് ഇടങ്ങളിലായി പുരോഗമിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) ആദ്യ മത്സരത്തിനായി ടീം ഇന്ത്യ (Team India) ഇന്ന് (ഒക്‌ടോബര്‍ 8) ഇറങ്ങും. ലോക ക്രിക്കറ്റിലെ കരുത്തരായ ഓസ്‌ട്രേലിയ (Australia) ആണ് ഇന്ത്യയുടെ എതിരാളികള്‍. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരത്തിന്‍റെ തുടക്കം (India vs Australia Match Time).
സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം മാത്രം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ വമ്പന്‍ താരനിരയുമായിട്ടാണ് ഇക്കുറി ലോകകപ്പിന് കച്ചകെട്ടിയിറങ്ങുന്നത്. സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്കൊപ്പം ലോകക്രിക്കറ്റിലേക്ക് ഇതിനോടകം തന്നെ വരവറിയിച്ചിട്ടുള്ള യുവതാരങ്ങളും ചേരുമ്പോള്‍ ഇന്ത്യ കപ്പുയര്‍ത്തുമെന്ന് തന്നെയാണ് ആരാധകരുടെയും പ്രതീക്ഷ.
2023 ഏകദിന ലോകകപ്പിലേക്കുള്ള തയാറെടുപ്പുകള്‍ കൃത്യമായി തന്നെ പൂര്‍ത്തിയാക്കിയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങുന്നത്. എന്നാല്‍, ഇന്ന് ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയെ വലയ്‌ക്കുന്നത് ശുഭ്‌മാന്‍ ഗില്ലിന്‍റെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ചെന്നൈയിലെത്തിയ ശേഷം ഡെങ്കിപ്പനി സ്ഥിരീകരിച്ച താരത്തിന് ഓസ്‌ട്രേലിയക്കെതിരായ മത്സരം നഷ്‌ടമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഗില്‍ കളിക്കാന്‍ റെഡിയല്ലെങ്കില്‍ ഇഷാന്‍ കിഷനാകും ഇന്ന് നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ഒരാള്‍ ഇടം കണ്ടെത്താനാണ് സാധ്യത. ചെപ്പോക്കിലേത് സ്‌പിന്നിനെ തുണയ്‌ക്കുന്ന പിച്ചായതുകൊണ്ട് തന്നെ ഇന്ന് മൂന്ന് സ്‌പിന്നര്‍മാരും പ്ലേയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത.
ലോകകപ്പ് പോരാട്ടങ്ങളില്‍ എല്ലാകാലത്തും 'ഹോട് ഫേവറിറ്റ്‌സുകളാണ്' ഓസ്‌ട്രേലിയ. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ല. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമില്‍ ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍ ഉള്‍പ്പടെയുള്ള വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്.
ഇന്ത്യന്‍ സാഹചര്യങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള താരങ്ങള്‍ ഉണ്ടെന്നതാണ് ഇക്കുറി ലോകകപ്പില്‍ കങ്കാരുപ്പടയെ കൂടുതല്‍ അപകടകാരികളാക്കുന്നത്. ആതിഥേയരായ ഇന്ത്യയ്‌ക്കെതിരെ തന്നെ ആദ്യ ജയം നേടി ലോകകപ്പില്‍ തങ്ങളുടെ നയം വ്യക്തമാക്കാനായിരിക്കും ഓസീസിന്‍റെ ശ്രമം.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ പരിക്കാണ് നിലവില്‍ ഓസ്‌ട്രേലിയയെ കുഴപ്പത്തിലാക്കുന്നത്. സ്റ്റോയിനിസ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഇറങ്ങിയില്ലെങ്കില്‍ കാമറൂണ്‍ ഗ്രീനായിരിക്കും ടീമിന്‍റെ പേസ് ഓള്‍റൗണ്ടര്‍. വിക്കറ്റിന് പിന്നില്‍ ജോഷ് ഇംഗ്ലിസിന് പകരം ഇന്ത്യന്‍ സാഹചര്യങ്ങള്‍ കൂടുതല്‍ അറിയുന്ന അലക്‌സ് കാരി തന്നെ നിലയുറപ്പിക്കാനാണ് സാധ്യത.
ലോകകപ്പ് ക്രിക്കറ്റില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്നത്തേത്. ആതിഥേയരായ ഇന്ത്യയും കരുത്തരായ ഓസ്‌ട്രേലിയയും ലോകകപ്പ് വേദിയില്‍ മുഖാമുഖം വരുമ്പോള്‍ ആവേശപ്പോരാട്ടമാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ മത്സരം കാണാനെത്തുന്നവരെ കൊണ്ട് ഇന്ന് ചെപ്പോക്കിലെ ഗാലറി നിറയുമെന്നുറപ്പാണ്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad) : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രചവിചന്ദ്രന്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ഓസ്‌ട്രേലിയ സ്ക്വാഡ് (Cricket World Cup 2023 Australia Squad) : ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ട്രാവിസ് ഹെഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാമ്പ, സീന്‍ ആബോട്ട്.
Also Read : South Africa vs Sri Lanka Match Result പൊരുതി തോറ്റ് ലങ്ക, ദക്ഷിണാഫ്രിക്കയ്‌ക്ക് 102 റണ്‍സ് ജയം