ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് ഓരോ മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുക്കുന്നത്. പേസ് നിരയും സ്‌പിന്‍ നിരയും പരസ്‌പരം മത്സരിച്ചാണ് ഓരോ മത്സരങ്ങളിലും ഇന്ത്യയ്‌ക്കായി എതിരാളികളുടെ വിക്കറ്റുകള്‍ എറിഞ്ഞിടുന്നത്. ന്യൂബോളില്‍ മുഹമ്മദ് സിറാജും (Mohammed Siraj) ജസ്പ്രീത് ബുംറയും (Jasprit Bumrah) ചേര്‍ന്ന് നല്‍കുന്ന തുടക്കത്തിനൊത്ത പ്രകടനം തന്നെയാണ് മധ്യ ഓവറുകളില്‍ സ്‌പിന്നര്‍മാരായ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ചേര്‍ന്ന് കാഴ്‌ചവെയ്‌ക്കുന്നത്.
ബുംറയുടെ പന്തുകളെ ശ്രദ്ധയോടെ നേരിട്ട് സിറാജിനെതിരെ എതിര്‍ ടീം ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് നായകന്‍ രോഹിത് ശര്‍മ മുഹമ്മദ് ഷമിയെ (Mohammed Shami) പന്തേല്‍പ്പിക്കുന്നത്. പന്തെറിയാനെത്തുന്ന സമയങ്ങളിലെല്ലാം തന്നെ ഇന്ത്യയ്‌ക്ക് ബ്രേക്ക് ത്രൂ സമ്മാനിക്കാന്‍ ഷമിക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ബൗളിങ് യൂണിറ്റിന്‍റെ വജ്രായുധം തന്നെ മുഹമ്മദ് ഷമിയാണ്.
ആദ്യ നാല് മത്സരങ്ങളില്‍ ഡഗ്ഔട്ടില്‍ ഇരുന്ന ഷമി ന്യൂസിലന്‍ഡിനെതിരായ അഞ്ചാം മത്സരത്തിലൂടെയാണ് ടീമിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. ടീമിലേക്കുള്ള മടങ്ങി വരവ് അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഗംഭീരമാക്കാനും ഷമിക്കായി. പിന്നീടുള്ള മൂന്ന് മത്സരങ്ങളും കളിച്ച ഷമി ഇതുവരെ 16 വിക്കറ്റാണ് ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി സ്വന്തമാക്കിയത്.
ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ളത് മുഹമ്മദ് ഷമിയാണെങ്കിലും ടീമിലെ 'എക്‌സ് ഫാക്‌ടര്‍' സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്‍റെ അഭിപ്രായം. ഇന്ത്യയ്‌ക്കായി എട്ട് മത്സരവും കളിച്ച ബുംറ 15 വിക്കറ്റാണ് ഇതുവരെ നേടിയിട്ടുള്ളത്.
'മുഹമ്മദ് ഷമിയെ നേരിടുന്നത് പോലെയല്ല എതിരാളികള്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരെ കളിക്കുന്നത്. എതിര്‍ ബാറ്റര്‍ക്ക് നേരിടാന്‍ ഏറെ പ്രയാസമുള്ള ബൗളറാണ് ബുംറ. പല സാഹചര്യങ്ങളിലും ഒരു ടീമിലെ മികച്ച ബൗളറിന് കൂടുതല്‍ വിക്കറ്റുകള്‍ ലഭിച്ചെന്ന് വരില്ല.
അതിനുള്ള കാരണം എതിര്‍ ടീം ആ താരത്തെ നേരിടുന്ന രീതി അങ്ങനെയാണ്. ബുംറയുടെ ആദ്യ സ്പെല്‍ നിരീക്ഷിച്ചാല്‍ തന്നെ അത് വ്യക്തമാകും. തുടക്കത്തില്‍ ആരും ബുംറയെ കടന്നാക്രമിക്കാന്‍ ശ്രമിക്കാറില്ല.
മികച്ച എക്കോണമി റേറ്റില്‍ പന്തെറിയുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ കൂടുതല്‍ വിക്കറ്റ് നേടാനായെന്ന് വന്നേക്കില്ല എന്നത് വസ്‌തുതയാണ്. ലോകകപ്പ് അവസാനിക്കുമ്പോള്‍ ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി തന്നെയായിരിക്കും കൂടുതല്‍ വിക്കറ്റ് നേടുന്നത്. അതിനുള്ള പ്രധാന കാരണം ജസ്പ്രീത് ബുംറയുടെ സാന്നിധ്യമായിരിക്കും. ജസ്‌പ്രീത് ബുംറയാണ് ടീമിലെ എക്‌സ് ഫാക്‌ടര്‍. അവനുള്ളത് കൊണ്ടാണ് ഇന്ത്യന്‍ ടീം ഇത്രയും ശക്തമായത്'- ഗൗതം ഗംഭീര്‍ പറഞ്ഞു.
ലോകകപ്പില്‍ ഇതുവരെ ഇന്ത്യയ്‌ക്കായി തകര്‍പ്പന്‍ പ്രകടനമാണ് ജസ്‌പ്രീത് ബുംറയും പുറത്തെടുത്തിട്ടുള്ളത്. എട്ട് മത്സരങ്ങളും ഇന്ത്യയ്‌ക്കായി കളിച്ച ബുംറയ്‌ക്ക് എതിര്‍ ടീം ബാറ്റര്‍മാരെ തന്‍റെ മികവ് കൊണ്ട് വെള്ളം കുടിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. 3.65 എക്കോണമി റേറ്റില്‍ പന്തെറിഞ്ഞാണ് ബുംറ 15 വിക്കറ്റും സ്വന്തമാക്കിയത്. ഇന്ത്യയുടെ ആദ്യ എട്ട് മത്സരങ്ങളില്‍ മാത്രം 383 ലീഗല്‍ ഡെലിവറികള്‍ ബുംറ എറിഞ്ഞപ്പോള്‍ അതില്‍ 268 പന്തും ഡോട്ട് ബോളായി മാറിയിരുന്നു എന്നത് തന്നെ താരത്തിന്‍റെ മികവ് വ്യക്തമാക്കുന്നതാണ്.
Also Read : 'ക്രിസ്റ്റ്യാനോ ആണെന്നാണ് കോലിയുടെ വിചാരം, എന്നാല്‍ അങ്ങനെ അല്ല': യുവരാജ് സിങ്