അഹമ്മദാബാദ് : അവസാന ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള ഓള്‍റൗണ്ടര്‍മാര്‍ ഒപ്പമുള്ളതാണ് ലോകകപ്പില്‍ ടീം ഇന്ത്യയുടെ ശക്തിയെന്ന് രവീന്ദ്ര ജഡേജയുടെ ബാല്യകാല പരിശീലകന്‍ മഹേന്ദ്ര സിങ് ചൗഹാന്‍ (Ravindra Jadeja's Childhood Coach Mahendra Singh Chauhan). ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ലോകകപ്പില്‍ ഇന്ത്യന്‍ സ്ക്വാഡിലുള്ള പ്രധാന ഓള്‍റൗണ്ടര്‍മാര്‍. ഇവരുടെ സാന്നിധ്യം ടീമിന്‍റെ ബാറ്റിങ് ലൈനപ്പിനെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും മഹേന്ദ്ര സിങ് ചൗഹാന്‍ ഇടിവി ഭാരതിനോട് പറഞ്ഞു (Mahendra Singh Chauhan Exclusive Interview With ETV Bharat).
'രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ടീം ഇന്ത്യയ്‌ക്കൊപ്പമുള്ള പ്രധാന ഓള്‍റൗണ്ടര്‍മാര്‍. മികച്ച ഓള്‍റൗൾണ്ടര്‍മാരൊപ്പമുള്ള ടീമുകള്‍ക്ക് ടൂര്‍ണമെന്‍റില്‍ വിജയസാധ്യത ഏറെയാണ്. ഇന്ത്യയുടെ ഈ താരങ്ങളെല്ലാം അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്.
എല്ലാവരെയും പോലെ തന്നെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് വേണ്ടിയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പോലെ ടൂര്‍ണമെന്‍റില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന ടീമുകളും മത്സരിക്കാനുണ്ട്. പാകിസ്ഥാനും മികച്ച ടീമാണ്. അവരുടെ കാര്യവും പ്രവചിക്കാന്‍ സാധിക്കാത്തതാണ്'- മഹേന്ദ്ര സിങ് ചൗഹാന്‍ അഭിപ്രായപ്പെട്ടു (Mahendra Singh Chauhan Cricket World Cup 2023 Prediction).
നിലവില്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്‌പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ കുട്ടിക്കാലത്ത് ഒരു പേസ് ബൗളര്‍ ആകാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'രവീന്ദ്ര ജഡേജയ്‌ക്ക് എട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. മാതാപിതാക്കളായിരുന്നു അവനെ എന്‍റെ അരികിലെത്തിച്ചത്.
അന്ന് മുതല്‍ തന്നെ രവീന്ദ്ര ജഡേജയ്‌ക്ക് ക്രിക്കറ്റിനോട് അതിയായ ഇഷ്‌ടമുണ്ടായിരുന്നു. തുടക്കത്തില്‍ ഒരു ഫാസ്റ്റ് ബൗളര്‍ ആകാനായിരുന്നു അവന്‍റെ ആഗ്രഹം. എന്നാല്‍ പിന്നീടാണ് സ്‌പിന്‍ ബൗളിങ്ങിലേക്കും ബാറ്റിങ്ങിലേക്കും അവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' - മഹേന്ദ്ര സിങ് ചൗഹാന്‍ പറഞ്ഞു. ഫീല്‍ഡിലെ വേഗതയാണ് രവീന്ദ്ര ജഡേജയെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്‌തനാക്കുന്നതെന്നും ഇന്ത്യന്‍ താരത്തിന്‍റെ മുന്‍ പരിശീലകന്‍ അഭിപ്രായപ്പെട്ടു (Mahendra Singh Chauhan About Ravindra Jadeja).
'ഫീല്‍ഡിങ്ങിലെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇന്ന് കാണുന്ന നിലയില്‍ അവനെ എത്തിച്ചിരിക്കുന്നത്. ബാറ്റുകൊണ്ട് പല മത്സരങ്ങളും ടീം ഇന്ത്യയ്‌ക്ക് അനുകൂലമാക്കാന്‍ രവീന്ദ്ര ജഡേജയ്‌ക്കായിട്ടുണ്ട്. ഓട്ടത്തിലെ വേഗത സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കൂടുതല്‍ കളിക്കാനാണ് അവനെ സഹായിച്ചിട്ടുള്ളത്.
ജഡേജയുടെ മത്സരങ്ങളൊന്നും ഞാന്‍ അങ്ങനെ ടിവിയില്‍ കണ്ടിട്ടില്ല. മത്സരം കണ്ട ആരാധകരില്‍ നിന്നാണ് പലപ്പോഴും അവന്‍റെ പ്രകടനങ്ങളെ കുറിച്ച് അറിയുന്നത്. മത്സരങ്ങളില്‍ ജഡേജയ്‌ക്ക് തന്‍റെ മികവിനൊത്ത് ഉയരാനായില്ലെന്ന് കേള്‍ക്കുമ്പോഴെല്ലാം എനിക്ക് വിഷമം ഉണ്ടാകാറുണ്ട്.
ബാറ്റിങ്ങിലായാലും ബൗളിങ്ങിലായാലും ഫീല്‍ഡിങ്ങിലായാലും അവന്‍റെ പുരോഗതികള്‍ നേരിട്ട് കണ്ടിട്ടുള്ള ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ലോകകപ്പില്‍ അവന് പ്രത്യേക ഉപദേശങ്ങളൊന്നും വേണമെന്ന് എനിക്ക് തോന്നുന്നില്ല. അവന്‍ അംഗമായ ഇന്ത്യന്‍ ടീം ലോകകപ്പ് നേടണമെന്നാണ് എന്‍റെ ആഗ്രഹം' - മഹേന്ദ്ര സിങ് ചൗഹാന്‍ പറഞ്ഞു.