ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 157 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന അഫ്ഗാനിസ്ഥാന് 37.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു (Afghanistan vs Bangladesh Score Updates). മൂന്ന് വിക്കറ്റ് നേടിയ നായകന് ഷാക്കിബ് അല്‍ ഹസന്റെയും (Shakib Al Hassan) ഓള് റൗണ്ടര്‍ മെഹിദി ഹസന്റെയും (Mehidy Hasan) പ്രകടനത്തിന് മുന്നിലാണ് അഫ്ഗാന് പട തകര്‍ന്നടിഞ്ഞത്. 62 പന്തില്‍ 47 റണ്‍സ് നേടിയ റഹ്മാനുള്ള ഗുര്‍ബാസാണ് (Rahmanulla Gurbaz) മത്സരത്തില്‍ അഫ്ഗാന്റെ ടോപ് സ്കോറര്‍.
ധര്‍മ്മശാലയില്‍ ഭേദപ്പെട്ട രീതിയില്‍ തന്നെ സ്കോറിങ് തുടങ്ങാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചതാണ്. റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും (22) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അവര്‍ക്കായി നേടിയത് 47 റണ്‍സാണ്. ഒന്‍പതാമത്തെ ഓവറിന്റെ രണ്ടാം പന്തിലാണ് ഇവരുടെ കൂട്ടുകെട്ട് പൊളിയുന്നത്.
ഇബ്രാഹിം സദ്രാനെ മടക്കി ബംഗ്ലാദേശ് നായകന് ഷാക്കിബ് അല്‍ ഹസനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടാം വിക്കറ്റില്‍ ഗുര്‍ബാസും റഹ്മത്ത് ഷായും (18) ചേര്‍ന്ന് 36 റണ്‍സ് അഫ്ഗാന് സ്കോര്‍ ബോര്‍ഡിലേക്ക് എത്തിച്ചു. ഷാക്കിബ് തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. പിന്നാലെയെത്തിയ നായകന് ഹസ്മത്തുള്ള ഷാഹിദി (18) ഗുര്‍ബാസ് സഖ്യത്തിന് 29 റണ്‍സ് മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്.
ഇവര്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ അഫ്ഗാനിസ്ഥാന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. അവസാന ഏഴ് ബാറ്റര്‍മാരില്‍ അസ്മത്തുള്ള ഒമർസായി (22) ഒഴികെയുള്ള മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. ബംഗ്ലാനിരയില്‍ ഷാക്കിബിനും മെഹിദി ഹസനും പുറമെ ഷോരിഫുൾ ഇസ്ലാം രണ്ട് വിക്കറ്റ് നേടി. പേസര്‍മാരായ മുസ്തഫിസുർ റഹ്മാൻ, തസ്കിൻ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
അഫ്ഗാനിസ്ഥാന് പ്ലെയിങ് ഇലവന് (Afghanistan Playing XI) : റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), മുഹമ്മദ് നബി, നജീബുള്ള സദ്രാൻ, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി
ബംഗ്ലാദേശ് പ്ലെയിങ് ഇലവന് (Bangladesh Playing XI) : തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്മുൽ ഹൊസൈൻ ഷാന്റോ, മെഹിദി ഹസൻ, ഷാക്കിബ് അൽ ഹസൻ (ക്യാപ്റ്റന്‍), മുഷ്ഫിഖുർ റഹീം (വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, മഹ്മദുള്ള, തസ്കിൻ അഹമ്മദ്, ഷോരിഫുൾ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ.