ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ മത്സരം സതാംപ്‌റ്റണില്‍ നടക്കും. നേരത്തെ ലോഡ്‌സില്‍ നടത്താനിരുന്ന ഫൈനല്‍ മത്സരം കൊവിഡ് 19 പശ്ചാത്തലത്തിലാണ് സതാംപ്‌റ്റണിലേക്ക് മാറ്റിയത്. ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല ഇക്കാര്യം സ്ഥിരീകരിച്ചു. ടീം അംഗങ്ങളുടെ ക്വാറന്‍റൈന്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് ഫൈനല്‍ വേദി മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടീം അംഗങ്ങള്‍ക്ക് താമസിക്കാനുള്ള ഹോട്ടല്‍ സൗകര്യം ഉള്‍പ്പെടെ സ്റ്റേഡിയത്തിന് സമീപമുള്ളതിനാലാണ് സതാംപ്‌റ്റണെ തെരഞ്ഞെടുത്തത്.
ജൂണ്‍ 18 മുതല്‍ 22 വരെ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് കലാശപ്പോര്. 23 റിസര്‍വ് ദിവസമായും പ്രയോജനപ്പെടുത്തും. കിവീസാണ് ആദ്യം ഫൈനല്‍ യോഗ്യത നേടിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1ന് ജയിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.