കൊളംബോ : ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ സഹായിക്കണമെന്ന ലങ്കൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം തള്ളി മുന്‍ നായകൻ മഹേല ജയവര്‍ധനെ. ടീം തെരഞ്ഞെടുപ്പിലോ മറ്റ് കാര്യങ്ങളിലോ പങ്കാളിയാകാതിരുന്ന തന്‍റെ ചുമതല എന്താണെന്ന് വ്യക്തമല്ലെന്നും മുമ്പ് കുമാര്‍ സംഗക്കാരയ്ക്കൊപ്പം നല്‍കിയ നിര്‍ദേശങ്ങള്‍ ബോര്‍ഡ് നിരസിക്കുകയായിരുന്നെന്നും പറഞ്ഞ മുൻതാരം ബോർഡിൽ രാഷ്ട്രീയക്കളികളാണെന്നും അതുകൊണ്ട് തന്നെ ബോർഡ് നൽകിയ ലോകകപ്പ് ഓഫർ താൻ നിരസിച്ചുവെന്നും വെളിപ്പെടുത്തി.
മുൻ താരങ്ങളായ ജയവർധനയുടെയും കുമാർ സങ്കക്കാരയുടെയും വിരമിക്കലിനു ശേഷം തകർന്നു പോയ ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിലേറ്റവും മോശമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. സമീപകാലത്തെ ടീമിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ക്രിക്കറ്റ് ബോര്‍ഡ് ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിച്ച ജയവര്‍ധനെയുടെ സഹായം തേടിയത്.
മറ്റ് ടീമുകൾ കരുത്തുറ്റ യുവ ടീമിനെ വാർത്തെടുക്കുമ്പോൾ ശ്രീലങ്കയിൽ അത് സംഭവിക്കുന്നില്ല എന്നതാണ് ലങ്കയുടെ പരാജയം. ഇത് ചൂണ്ടിക്കാട്ടി ജയവർധനെ, സങ്കക്കാര, അരവിന്ദ ഡിസിൽവ എന്നിവർ ചേർന്ന് ചില നിർദ്ദേശങ്ങൾ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനു സമർപ്പിച്ചിരുന്നെങ്കിലും ബോർഡ് അത് അപ്പാടെ നിരസിച്ചു. അതുകൊണ്ട് തന്നെ ഒരു നോക്കുകുത്തിയായി ടീമിനൊപ്പം യാത്ര ചെയ്യാൻ താൻ തയ്യാറല്ലെന്നാണ് ജയവർധനെയുടെ വിശദീകരണം.