ന്യൂഡൽഹി : ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. വരാനിരിക്കുന്ന ലോകകപ്പ് ഒരു ടീമിനും അത്ര എളുപ്പമാകില്ലെന്നും ഏറ്റവും വെല്ലുവിളിനിറഞ്ഞ ഒന്നായിരിക്കുമെന്നുമാണ് കോലി അഭിപ്രായപ്പെട്ടത്. എല്ലാ ടീമുകളും കരുത്തരാണ്. ഏതു ടീമിനും മറ്റു ടീമുകളെ തോല്‍പ്പിക്കാനുള്ള കെല്‍പ്പുണ്ടെന്നും കോലി പറഞ്ഞു. ഏതെങ്കിലും ഒരു ടീമിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ടൂര്‍ണമെന്‍റ് മുഴുവനായും വിജയ പ്രതീക്ഷ നിലനിര്‍ത്തേണ്ടതുണ്ട്. കഴിവുകള്‍ക്കനുസരിച്ച് ഏറ്റവും മികച്ച രീതിയില്‍ ലോകകപ്പിന് ടീം ഇന്ത്യ ഒരുങ്ങുമെന്നും വിരാട് കോലി വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിന്‍റേത് കരുത്തുറ്റ നിരയാണെന്ന് പരിശീലകൻ രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. പരിചയ സമ്പന്നരാണ് ഇന്ത്യയുടെ കളിക്കാര്‍. തങ്ങളുടെ കഴിവിന് അനുസരിച്ചുള്ള പ്രകടനം പുറത്തെടുത്താല്‍ ലോകകപ്പ് ഇന്ത്യയിലെത്തും. ഫ്ളാറ്റ് പിച്ചുകളാണ് ഇംഗ്ലണ്ടില്‍ പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും മത്സരഗതിയെ ബാധിക്കുമെന്നാണ് കരുതുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി.
ലോകകപ്പിനായി നാളെ ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. മെയ് 25-ന് ന്യൂസിലന്‍ഡുമായും 28-ന് ബംഗ്ലാദേശുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും. നായകനായി ചുമതലയേറ്റ ശേഷം ആദ്യ ലോകകപ്പിനാണ് കോലി ഇറങ്ങുന്നത്. ലോക രണ്ടാം നമ്പര്‍ ടീമെന്ന നിലയില്‍ ഇന്ത്യയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.