സതാംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ റൗണ്ടിലെ രണ്ട് മത്സരങ്ങളില്‍ ടീം ഇന്ത്യ ഗ്രൗണ്ടില്‍ ഇറങ്ങുക ഓറഞ്ച് ജേഴ്സിയില്‍. ജൂൺ 22ന് അഫ്ഗാനെതിരെ നടക്കുന്ന മത്സരത്തിലും ജൂൺ 30ന് ഇംഗ്ലണ്ടിന് എതിരെ നടക്കുന്ന മത്സരത്തിലും ആയിരിക്കും ഇന്ത്യന്‍ ടീം ഓറഞ്ച് ജേഴ്സി അണിയുക.
പരമ്പരാഗതമായി ഇന്ത്യ ഉപയോഗിക്കുന്ന നീല നിറമുള്ള ജേഴ്സിക്ക് പകരമാണ് ഈ മത്സരങ്ങളില്‍ ഇന്ത്യൻ ടീം ഓറഞ്ച് ജേഴ്സിയണിഞ്ഞ് കളിക്കുക. ഐസിസിയുടെ പുതിയ നിയമപ്രകാരം ഒരേ നിറമുള്ള ജേഴ്സികൾ ഉപയോഗിക്കുന്ന ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ സന്ദർശക ടീമിന് മറ്റൊരു നിറമുള്ള ജേഴ്സി തെരഞ്ഞെടുക്കാവുന്നതാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടീം ഇന്ത്യ ഓറഞ്ച് നിറമുള്ള ജേഴ്സി തെരഞ്ഞെടുത്തത്. ഒരേ നിറമല്ലാത്ത ജേഴ്സി ഉപയോഗിക്കുന്ന ടീമുമായി മത്സരിക്കേണ്ടി വരുമ്പോൾ സ്ഥിരം ജേഴ്സി ഉപയോഗിക്കണമെന്നും ഐസിസി നിർദ്ദേശമുണ്ട്. നിലവില്‍ ഫുട്ബോൾ അടക്കമുള്ള മത്സരങ്ങളില്‍ ഇത്തരത്തില്‍ നിയമം നിലനില്‍ക്കുന്നുണ്ട്.
നിലവിലെ ലോകകപ്പ് മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്കാണ് ഇന്ത്യയുടെ സമാനമായ ജേഴ്സിയുള്ളത്. മറ്റുള്ളവര്‍ക്കെതിരായ മത്സരങ്ങളില്‍ മറ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ പരമ്പരാഗത നിറമായ നീല ജേഴ്സിയിലും കളിക്കും. എല്ലാ ടീമുകളും ഇത്തരത്തില്‍ രണ്ട് നിറമുള്ള ജേഴ്സികള്‍ ഉണ്ടായിരിക്കും എന്ന് ഐസിസി അറിയിച്ചിട്ടുണ്ട്.
അതേസമയം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നാളെ സതാംപ്ടണില്‍ നടക്കും. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3 ന് തുടങ്ങും. ദക്ഷിണാഫ്രിക്കയാണ് കന്നി മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ ദക്ഷിണാഫ്രിക്കക്ക് ഇനിയുള്ള മത്സരങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്.