ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിന് എതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ സമനില ലക്ഷ്യമിട്ട് നാളെ ഇറങ്ങുന്ന ടീം ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പേസർ ഇശാന്ത് ശർമ ക്രൈസ്റ്റ് ചര്‍ച്ചില്‍ കളിച്ചേക്കില്ല. നേരത്തെ കഴിഞ്ഞ ജനുവരിയില്‍ രഞ്ജി ട്രോഫി മത്സരത്തിനിടെ താരത്തിന് ഏറ്റ പരിക്ക് വീണ്ടും വഷളായെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്‌ച നെറ്റ്സില്‍ അല്‍പ്പനേരം പരിശീലനം നടത്തിയ ശേഷം നേരത്തെ പരിക്കേറ്റ വലത് കണങ്കാലില്‍ വീണ്ടും വേദന അനുഭവപ്പെട്ടതായി താരം ടീം മാനേജ്മെന്‍റിനെ അറിയിച്ചതായാണ് സൂചന. കിവീസിന് എതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇശാന്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. കഴിഞ്ഞ കുറേകാലമായി ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ പേസ് നിരയെ നയിക്കുന്നത് ഇശാന്ത് ശർമയാണ്. അതേസമയം ഇശാന്തിന് കളിക്കാനായില്ലെങ്കില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഉമേഷ് യാദവിന് അവസരമൊരുങ്ങും.
ഇടതുകാലില്‍ നീര്‍ക്കെട്ട് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഓപ്പണർ പൃഥ്വിഷാക്കും പരിശീലനം മുടങ്ങിയിരുന്നു. പരിശീലനത്തിനിടെ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പൃഥ്വി മാറി നില്‍ക്കുകയായിരുന്നു. ഇതേ തുടർന്ന് പൃഥ്വിയെ രക്ത പരിശോധനക്ക് വിധേയനാക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. പൃഥ്വി കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.