കറാച്ചി: കാണികളില്ലാതെ ടി-20 ലോകകപ്പ് നടക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ പാകിസ്ഥാന്‍ നായകൻ വസിം അക്രം. ലോകകപ്പാകുമ്പോൾ ഗാലറി നിറയണം, അതിനായി കൊവിഡ് 19 ഭീതിക്ക് ശേഷം അനുകൂല സമയത്ത് ടൂർണമെന്‍റ് നടത്താന്‍ ഐസിസി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ ഗതിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ആരാധകർ സ്വന്തം ടീമിനെ പിന്തുണക്കാനായി ലോകകപ്പ് വേദികളിലേക്ക് ഒഴുകിയെത്തും. അത്തരം ഒരു അന്തരീക്ഷം അടച്ചിട്ട സ്റ്റേഡിയത്തില്‍ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉമിനീർ വിലക്ക് ഐസിസി പ്രാബല്യത്തില്‍ വരുത്തുകയാണെങ്കില്‍ പന്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാന്‍ പകരം സംവിധാനം ഒരുക്കേണ്ടിവരുമെന്നും അക്രം കൂട്ടിച്ചേർത്തു. വിയർപ്പ് ഉപയോഗിച്ച് പന്തിന്‍റെ തിളക്കം നിലനിർത്താനാകുമെന്ന് വിശ്വസിക്കുന്നില്ല. കൂടുതലായി വിയർപ്പ് പന്തില്‍ പുരട്ടുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മെയ് 28-ന് ചേർന്ന ഐസിസി യോഗത്തില്‍ ടി-20 ലോകകപ്പിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നത് ജൂണ്‍ 10ലേക്ക് മാറ്റിയിരുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പഠിക്കാന്‍ വേണ്ടിയാണ് തീരുമാനം എടുക്കുന്നത് ഐസിസി നീട്ടിവെച്ചത്.
മുന്‍ നിശ്ചയിച്ച പ്രകാരം ഒക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ ഓസ്‌ട്രേലിയയിലാണ് ഐസിസി ലോകകപ്പ് നടക്കേണ്ടത്. എന്നാല്‍ കൊവിഡ് 19 വ്യാപനം കാരണം ലോകകപ്പ് സംഘടിപ്പിക്കുന്ന കാര്യം സംശയത്തിലാണ്. ആഗോള യാത്രാവിലക്ക് ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്‌താലെ ലോകകപ്പ് നടത്താന്‍ സാധിക്കൂ. കൂടാതെ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടച്ചിട്ട സ്റ്റേഡിയത്തിലെ മത്സരം നടത്താന്‍ സാധിക്കൂ.