കറാച്ചി: പ്രതീക്ഷകൾ സഫലമാക്കിയ വർഷമാണ് 2019-തെന്ന് പാകിസ്ഥാന്‍റെ മുന്‍നിര ബാറ്റ്സ്മാന്‍ ബാബർ അസം. ടെസ്‌റ്റ് ക്രിക്കറ്റിലെ പിഴവുകൾ തിരുത്താനാണ് 2019-ല്‍ ശ്രമിച്ചതെന്നും അതിന് സാധിച്ചതായും താരം പറഞ്ഞു. ടെസ്‌റ്റ് മത്സരങ്ങളുടെ രീതികളെ കുറിച്ച് ഇപ്പോൾ ബോധ്യമുണ്ട്. ദക്ഷിണാഫ്രിക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് പോലുള്ള മികച്ച ബൗളിങ്ങ് നിരയുമായി എത്തുന്ന ടീമുകളെ നേരിട്ട് റണ്‍സെടുക്കുമ്പോൾ ആത്മവിശ്വസം നേടാനാകും. ഇക്കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിന്‍റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ടീമിന്‍റെ മുന്‍നിരയിലെത്താന്‍ ആഗ്രഹിച്ചിരുന്നു. ലോകകപ്പ് അതിന് സഹായിച്ചു. ഇക്കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാന് വേണ്ടി 474 റണ്‍സാണ് താരം സ്വന്തമാക്കിയത്. 2019-ല്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും താരം കഴിഞ്ഞ വർഷം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ബാബർ അസം പറഞ്ഞു.
2019-ല്‍ കളിച്ച ആറ് ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നും 616 റണ്‍സ് അക്കൗണ്ടില്‍ ചേർത്തു. ടെസ്‌റ്റ് മത്സരങ്ങളില്‍ മൂന്ന് സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളും സ്വന്തമാക്കി. 20 ഏകദിന മത്സരങ്ങളില്‍ നിന്നായി 1,092 റണ്‍സും സ്വന്തമാക്കി. മൂന്ന് സെഞ്ച്വറികളും ആറ് അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നതായിരുന്നു ഏകദിന മത്സരങ്ങളിലെ ഇന്നിങ്സ്. 10 ട്വന്‍റി-20 മത്സരങ്ങളില്‍ നിന്നും നാല് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 337 റണ്‍സെടുത്തു.
ഐസിസി റാങ്കിങ്ങിലെ മൂന്ന് ഫോർമാറ്റിലും ബാബർ അസം ആദ്യ ആറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ട്വന്‍റി-20 ഫോർമാറ്റില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, ഏകദന മത്സരങ്ങളുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനവും ടെസ്‌റ്റ് റാങ്കിങ്ങില്‍ ആറാം സ്ഥാനവും അസം കരസ്ഥമാക്കി.