ദുബായ്: ഇന്ത്യൻ വനിത ഓപ്പണർ ഷഫാലി വർമക്ക് ഐസിസി ടി20 റാങ്കിങ്ങിലും തിരിച്ചടി. ടി20 ലോകകപ്പ് ഫെനലിന് മുമ്പ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഷഫാലി ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പ് ഫൈനലിന് ശേഷം പുറത്തിറക്കിയ പുതിയ റാങ്കിങ്ങിലാണ് ഷഫാലിക്ക് തിരിച്ചടി നേരിട്ടത്. ഷഫാലിക്ക് പകരം ഓസ്ട്രേലിയൻ ഓപ്പണർ ബെത് മൂണി റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.ന്യൂസിലന്‍ഡ് താരം സൂസി ബേറ്റ്സ് ആണ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്.
ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം പൂർത്തിയായപ്പോൾ 161 റണ്‍സെടുത്ത് തിളങ്ങിയ ഷഫാലി ഐസിസി ടി20 റാങ്കിങ്ങില്‍ 744 റേറ്റിംഗ് പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചു. 19-ാം സ്ഥാനത്ത് നിന്നുമാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. എന്നാല്‍ പിന്നീട് ഫൈനലില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായതും ഇംഗ്ലണ്ടിനെതിരായ സെമി മഴയെ തുടർന്ന് ഉപേക്ഷിച്ചതും ഷെഫാലിക്ക് തിരിച്ചടിയായി. അതേസമയം മെല്‍ബണില്‍ നടന്ന കലാശ പോരാട്ടത്തില്‍ ബെത്ത് മൂണി പുറത്താകാതെ 78 റണ്‍സ് സ്വന്തമാക്കുകയും ചെയ്‌തു. മൂണി ഫൈനലിന് മുമ്പ് മൂന്നാം സ്ഥാനത്തായിരുന്നു. ഇന്ത്യയുടെ മറ്റൊരു ഓപ്പണർ സ്‌മൃതി മന്ദാന ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്തായപ്പോള്‍ ജെമീമ റോഡ്രിഗസ് ഒമ്പതാം സ്ഥാനത്ത് തുടരുന്നുണ്ട്. ഫൈനലില്‍ ഇന്ത്യക്ക് എതിരെ മികച്ച ഫോം കണ്ടെത്തിയ അലീസ ഹീലി രണ്ട് സ്ഥാനം മച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു. ബൗളര്‍മാരിയില്‍ ഇന്ത്യയുടെ ദീപ്‌തി ശര്‍മ ആറാം സ്ഥാനത്തും രാധാ യാദവ് ഏഴാം സ്ഥാനത്തും പൂനം യാദവ് എട്ടാം സ്ഥാനത്തുമുണ്ട്. ബൗളിംഗ് റാങ്കിംഗില്‍ ഇംഗ്ലണ്ടിന്‍റെ സോഫി എക്ലസ്റ്റണാണ് ഒന്നാമത്.