മുംബൈ: പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ വേതനം വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യത്തിന് അര്‍ഥമില്ലെന്ന് വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാന. നിലവില്‍ പുരുഷ ടീം ബിസിസിഐയ്‌ക്ക് സമ്പാദിച്ചു നല്‍കുന്ന തുകയില്‍ നിന്നാണ് തങ്ങള്‍ക്ക് വേതനം ലഭിക്കുന്നതെന്നും അതിനാല്‍ തുല്യവേതനം ആവശ്യപ്പെടുന്നതില്‍ അര്‍ഥമില്ലെന്നും സ്‌മൃതി മന്ദാന അഭിപ്രായപ്പെട്ടു.
"പുരുഷ ടീം മത്സരിക്കുന്നത് വഴി ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് വനിതാ ടീമിന് വേതനം ലഭിക്കുന്നത്. സമാന രീതിയില്‍ വനിതാ ടീമിന്‍റെ മത്സരത്തിലൂടെയും വരുമാനം ലഭിക്കുന്ന കാലം വരുമ്പോള്‍ വേതന വര്‍ധനവിന്‍റെ വിഷയം ആദ്യം ഉയര്‍ത്തുന്നത് ഞാനായിരിക്കും. നിലവിലെ സാഹചര്യത്തില്‍ തുല്യവേതനം ആവശ്യപ്പെടാന്‍ നമുക്ക് കഴിയില്ല". - സ്‌മൃതി മന്ദാന വ്യക്‌തമാക്കി
പ്രതിഫലത്തിന്‍റെ കാര്യത്തില്‍ വനിതാ താരങ്ങള്‍ക്ക് ബിസിസഐ പരിഗണന നല്‍കുന്നില്ലെന്ന വിവാദങ്ങള്‍ എല്ലാവര്‍ഷവും ആവര്‍ത്തിക്കുന്നതാണ്. പുരുഷ താരങ്ങള്‍ക്ക് കിട്ടുന്നതിന്‍റെ മൂന്നിലൊന്നില്‍ താഴെ തുകയാണ് പലപ്പോഴും വനിതാ താരങ്ങള്‍ക്ക് കിട്ടുക. ഇത്തവണയും ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ സമാന ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് സ്‌മൃതിയുടെ മറുപടി. പുതുക്കിയ കരാര്‍ പ്രകാരം എറ്റവും ഉയര്‍ന്ന കാറ്റഗറിയിലുള്ള പുരുഷ താരങ്ങള്‍ക്ക് ഏഴ് കോടി രൂപ ലഭിക്കുമ്പോള്‍, അതേ കാറ്റഗറിയിലുള്ള വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്നത് അമ്പത് ലക്ഷം രൂപ മാത്രമാണ്.
ഇപ്പോള്‍ വനിതാ താരങ്ങള്‍ പ്രതിഫലത്തിലെ അന്തരത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. മത്സരങ്ങള്‍ ജയിക്കുന്നതിനാമ് ഞങ്ങള്‍ പ്രാധ്യാന്യം നല്‍കുന്നത്. അതുവഴി ഞങ്ങള്‍ക്ക് വരുമാനം ഉയര്‍ത്താനാകും. അത് സംഭവിക്കുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും അസ്ഥാനത്താകും - മന്ദാന അഭിപ്രായപ്പെട്ടു.