ജയ്പൂർ: വനിത ടി-20 ചലഞ്ച് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ന് ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർ നോവാസ് മിതാലി രാജിന്റെ വെലോസിറ്റിയുമായി ഏറ്റുമുട്ടും. സവായ് മാൻസിംഗ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
സൂപ്പർ നോവാസിനും വെലോസിറ്റിക്കും പുറമേ സ്മൃതി മന്ദാന നയിച്ച ട്രെയില്‍ ബ്ലേസേഴ്സും ടൂർണമെന്റിലുണ്ടായിരുന്നു. മൂന്ന് ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയ രണ്ട് ടീമുകളാണ് ഫൈനലില്‍ കടന്നത്. എല്ലാ ടീമുകളും ഓരോ മത്സരം വീതം ജയിച്ചിരുന്നു. ഇതോടെ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് വെലോസിറ്റിയും സൂപ്പർ നോവാസും ഫൈനലിലെത്തിയത്. ഇന്നത്തെ കലാശപ്പോരാട്ടത്തില്‍ ഹർമൻപ്രീത് കൗർ നയിക്കുന്ന സൂപ്പർ നെവാസിനാണ് മൂൻതൂക്കം. മികച്ച ഫോമില്‍ കളിക്കുന്ന ജെമീമ റോഡ്രീഗസ്, പ്രിയ പൂണിയ, സോഫി ഡിവൈൻ എന്നീ താരങ്ങളാണ് ടീമിന്റെ കരുത്ത്. മറുവശത്ത് മിതാലി രാജിന് പുറമെ ഡാനിയേല വ്യാറ്റ്, വേദ കൃഷ്ണമൂർത്തി. ഏക്ത ബിഷ്ട് എന്നിവരാണ് വെലോസിറ്റിയുടെ പ്രമുഖ താരങ്ങൾ. സൂപ്പർ നോവാസാണ് നിലവിലെ ചാമ്പ്യന്മാർ.