ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറയും മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിനെയും പുറത്താക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ചേതേശ്വര്‍ പൂജാര. എങ്ങനെ പന്തെറിയണമെന്ന് പേസര്‍മാരായ ജസ്‌പ്രീത് ബുമ്രക്കും മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനുമെല്ലാം അറിയാം. അവര്‍ ഇതിന് മുമ്പും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ ആവിഷ്‌കരിച്ച പദ്ധതി നടപ്പായാല്‍ പരമ്പര നിലനിര്‍ത്താനാകുമെന്നും പൂജാര പറഞ്ഞു.
കഴിഞ്ഞ തവണ നേരിട്ടതിനേക്കാള്‍ മികച്ച ബാറ്റിങ് നിരായാണ് ഇത്തവണ ഓസ്‌ട്രേലിയക്കുള്ളത്. അതിനാല്‍ തന്നെ വിജയം എളുപ്പമാകില്ല. വിദേശത്ത് ജയിക്കാന്‍ കഠിനാധ്വാനം തന്നെ വേണം. കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 523 റണ്‍സ് അടിച്ചു കൂട്ടി തിളങ്ങിയ താരമാണ് പൂജാര. പരമ്പരയില്‍ 2-1ന്‍റെ ചരിത്ര വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. 71 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ പരമ്പര ജയമായിരുന്നു അത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് അന്ന് വാര്‍ണര്‍ക്കും സ്‌മിത്തിനും പങ്കെടുക്കാനായിരുന്നില്ല.