വെസ്റ്റ് ഇൻഡീസ് മുൻ നായകനും ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരില്‍ മുൻ പന്തിയില്‍ നില്‍ക്കുന്ന താരവുമാണ് സർ വിവിയൻ റിച്ചാർഡ്സ്. വ്യത്യസ്തമായ ബാറ്റിംഗ് ശൈലി കൊണ്ടും മാസ്മരിക ഇന്നിംഗ്സുകൾ കൊണ്ടും ക്രിക്കറ്റ് ആരാധകരെ റിച്ചാർഡ്സ് എന്നും അത്ഭുതപ്പെടുത്തി. മാസ്റ്റർ ബ്ലാസ്റ്റർ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന വിവിയൻ റിച്ചാർഡ്സിന് ഇന്ന് 67ആം ജന്മദിനം
1952 മാർച്ച് ഏഴിന് ആന്‍റിഗ്വയിലെ സെന്‍റ് ജോൺസിലാണ് വിവിയൻ റിച്ചാർഡ്സ് ജനിച്ചത്. തന്‍റെ 19ാംവയസ്സിലാണ് അദ്ദേഹം ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്നത്. പിന്നീട് ഇംഗ്ലണ്ടിലേക്ക് ചെക്കേറിയ റിച്ചാർഡ്സ് നിരവധി ക്ലബുകൾക്ക് വേണ്ടിയും കളിച്ചു. 1974ലാണ് റിച്ചാർഡ്സ് വെസ്റ്റ് ഇൻഡീസിന് വേണ്ടി അരങ്ങേറിയത്. ഇന്ത്യയായിരുന്നു അന്ന് എതിരാളികൾ. ആ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 192 റൺസ് നേടി റിച്ചാർഡ്സ് തന്‍റെ കഴിവ് തെളിയിച്ചു. 1975ലെ പ്രഥമ ലോകകപ്പിലും 1979ലെ ലോകകപ്പിലും വെസ്റ്റ് ഇൻഡീസിന് കിരീടം നേടികൊടുത്തതില്‍ മുഖ്യപങ്ക് വഹിച്ചതും റിച്ചാർഡ്സാണ്.
1984ല്‍ മുതല്‍ 1991വരെ 50 ടെസ്റ്റ് മത്സരങ്ങളില്‍ റിച്ചാർഡ്സ് വിൻഡീസിനെ നയിച്ചിട്ടുണ്ട്. ഒരു ടെസ്റ്റ് പരമ്പര പോലും കൈവിടാത്ത ഏക വെസ്റ്റ് ഇൻഡീസ്നായകൻ എന്ന റെക്കോഡും അദ്ദേഹത്തിന്‍റെപേരിലുണ്ട്. ബാറ്റിംഗില്‍ ശക്തമായ ആക്രമണ ശൈലി പിന്തുടർന്ന റിച്ചാർഡ്സ് തന്‍റെ 17 വർഷത്തെ ക്രിക്കറ്റ് കരിയറില്‍ ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നില്ല. എത്ര വേഗത്തില്‍ വരുന്ന പന്തിനെയും ഒരു പേടിയും കൂടാതെ നേരിട്ടിരുന്ന റിച്ചാർഡ്സ് ക്രിക്കറ്റിലെ എക്കാലത്തെയും അപകടകാരിയായ ബാറ്റ്സ്മാൻ തന്നെയായിരുന്നു.
2002 ഡിസംബറില്‍ വിസ്ഡൻ മാസിക എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്സ്മാനായി റിച്ചാർഡ്സിനെ തെരഞ്ഞെടുത്തു. കൂടാതെ ഡോൺ ബ്രാഡ്മാനും സച്ചിൻ ടെണ്ടുല്‍ക്കർക്കും പിന്നില്‍ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനുള്ള വിസ്ഡൺ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 'സിക്സറുകളുടെ രാജാവ്' എന്ന് അറിയപ്പെട്ടിരുന്ന വിവിയൻ റിച്ചാർഡ്സിനെ ബ്രിട്ടൺ രാജ്ഞി അദ്ദേഹത്തിന്‍റെ നേട്ടങ്ങളെ മുൻനിർത്തി 'സർ' പദവി നല്‍കി. വെസ്റ്റ് ഇൻഡീസ് സർക്കാർ അദ്ദേഹത്തിന്‍റെ പേരില്‍ സ്റ്റേഡിയം നിർമ്മിച്ചും ആദരിക്കുകയുണ്ടായി.
ടെസ്റ്റ് ക്രിക്കറ്റില്‍ 121 മത്സരങ്ങളില്‍ നിന്ന് 50.23 ശരാശരിയില്‍ 8540 റൺസ് നേടിയ റിച്ചാർഡ്സ് 24 സെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ 6721 റൺസും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 36,212 റൺസും റിച്ചാർഡ്സ് നേടിയിട്ടുണ്ട്.