ഹൈദരാബാദ്: നേട്ടങ്ങളുടെ വർഷത്തിലൂടെ കടന്ന് പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് ഒരു പൊന്‍തൂവല്‍ കൂടി. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ ദശാബ്‌ദത്തിലെ ടെസ്റ്റ് ടീമിന്‍റെ നായകനായി കോലിയെ തെരഞ്ഞെടുത്തു. കോലി മാത്രമാണ് ഇന്ത്യയില്‍ നിന്നും ടീമില്‍ സ്ഥാനം നേടിയത്. ഇംഗ്ലീഷ് ടീമില്‍ നിന്ന് നാല് പേരും ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് മൂന്ന് പേരും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും ന്യൂസിലാന്‍റ് ടീമില്‍ നിന്നും ഓരോരുത്തരുമാണ് ടീമില്‍ ഇടം നേടിയത്.
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ അലസ്റ്റയര്‍ കുക്കും ഒസിസ് ഓപ്പണർ ഡേവിഡ് വാർണറുമാണ് ടീമിലെ ഓപ്പണർമാർ. മൂന്നാമനായി പരിഗണിച്ചിരിക്കുന്നത് ഓസിസ് നായകന്‍ കെയിന്‍ വില്യംസണിനെയാണ്. നാലമനായി ഓസിസ് താരം സ്‌റ്റീവന്‍ സ്മിത്തിനെ പരിഗണിച്ചപ്പോൾ ബാറ്റിങ് ഓർഡറില്‍ അഞ്ചാമതാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സ്ഥാനം. ബാറ്റിങ് നിരയില്‍ കോലിക്ക് താഴെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ എബി ഡിവില്ലേഴ്‌സാണ്. ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്‌സാണ് ടീമിലെ ഏക ഓൾറൗണ്ടർ.
ബോളിങ്ങ് ഡിപ്പാർട്ട്മെന്‍റില്‍ മൂന്ന് പേസ് ബോളർമാരെയും ഒരു സ്പിന്നറെയും ഉൾപ്പെടുത്തി. ഡെയ്ല്‍ സ്റ്റെയ്‌ന്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്‌റ്റുവർട്ട് ബോർഡ് എന്നിവരാണ് പേസ് ബൗളര്‍മാര്‍. നാഥന്‍ ലിയോണാണ് ടീമിലെ സ്‌പിന്നർ. നിലവില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ വിരാട് കോലിയാണ് ഒന്നാമത്. കഴിഞ്ഞ മൂന്ന് വർഷമായി ടീം ഇന്ത്യയാണ് ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.