ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം സ്വന്തമാക്കിയ കേരളത്തിന് തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ സഞ്ജു സാംസണ് പരിക്കേറ്റതാണ് കേരളത്തിന് തിരിച്ചടിയായത്. എന്നാല്‍ പരിക്കുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിട്ടില്ല.
എലൈറ്റ് ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്‌ത കേരളത്തിന് ബിഹാറിനെതിരെ നടന്ന മത്സരത്തിലെ ജയമാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് വഴി തുറന്നത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത റോബിന്‍ ഉത്തപ്പയുടെ പിന്‍ബലത്തിലായിരുന്നു കേരളത്തിന്‍റെ ജയം. ബിഹാറിനെതിരായ മത്സരത്തില്‍ 149 റണ്‍സെന്ന വിജയ ലക്ഷ്യം കേരളം 8.5 ഓവറില്‍ മറികടന്നു.
കേരളത്തിന് പുറമെ എലൈറ്റ് ഗ്രൂപ്പുകളില്‍ നിന്നും 10 ടീമുകളും പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളും നെറ്റ് റണ്‍റേറ്റിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള എലിമിനേറ്ററിലെ ജേതാക്കളുമാണ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുക. ടൂര്‍ണമെന്‍റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് എട്ടിന് ആരംഭിക്കും. സെമി ഫൈനല്‍ മാര്‍ച്ച് 11നും കലാശപ്പോര് 14നും നടക്കും.