ന്യൂഡല്‍ഹി: ജീവിതത്തില്‍ മൂന്ന് തവണ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചുവെന്ന് ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി. സഹതാരവും ഇന്ത്യന്‍ ഓപ്പണറുമായ രോഹിത് ശർമ്മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഷമിയുടെ വെളിപ്പെടുത്തല്‍. 2015-ലോകകപ്പിനെ തുടർന്നുണ്ടായ പരിക്കും സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളുമാണ് തന്നെ ഇതിലേക്ക് നയിച്ചതെന്നും ഷമി പറയുന്നു. സാമൂഹ്യമാധ്യമത്തിലൂടെ പഴയകാല ഓർമകൾ പങ്കുവെക്കുന്നതിനിടെയാണ് ഷമിയുടെ തുറന്ന് പറച്ചില്‍.
2015-ല്‍ ലോകകപ്പിനിടെ പരിക്കേറ്റു. അതിന് ശേഷം 18 മാസമെടുത്തു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍. ഇതായിരുന്നു തന്‍റെ കരിയറിലെ ഏറ്റവും വേദനിപ്പിക്കുന്ന സമയമെന്നും മുഹമ്മദ് ഷമി പറയുന്നു. പരിക്കില്‍ നിന്നും മുക്തമാവുക ശ്രമകരമായ ജോലിയാണ്. കൂടാതെ കുടുംബ പ്രശ്‌നങ്ങൾ കൂടി വന്നാലൊ. അതെല്ലാം സംഭവിച്ചു. കൂടാതെ ഐപിഎല്‍ തുടങ്ങാൻ 12 ദിവസത്തോളം ശേഷിക്കെ അപകടവും സംഭവിച്ചു. സ്വകാര്യ വിഷയങ്ങൾ മാധ്യമങ്ങളില്‍ ചർച്ചയായതും തന്നെ വേദനിപ്പിച്ചു.
അന്ന് കുടുംബത്തിന്‍റെ പൂർണ പിന്തുണ കാരണമാണ് ഷമിക്ക് തിരിച്ചുവരാന്‍ സാധിച്ചത്. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ അവിഭാജ്യ ഘടകവുമായി. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലും ഷമി ഇന്ന് കളിക്കുന്നു.
'അന്ന് കുടുംബംഗങ്ങളുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ കരിയര്‍തന്നെ നഷ്‌ടമാകുമായിരുന്നു. സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങളും വിഷാദവും കാരണം ആ കാലത്ത് മൂന്നുവട്ടം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. അന്ന് തന്‍റെ കാര്യങ്ങൾ നോക്കാന്‍ വീട്ടില്‍ എപ്പോഴും ആളുണ്ടാകുമായിരുന്നു. 24-ാം നിലയിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. മാനസികവിഷമം കാരണം ഞാന്‍ അപ്പാർട്ട്മെന്‍റില്‍ നിന്നും എടുത്തുചാടുമോ എന്ന് വരെ കൂടെയുള്ളവർ ഭയന്നിരുന്നു. ഷമി പറഞ്ഞു.
അന്ന് കുടുംബം തനിക്ക് ഒപ്പം നിന്നു. അതിനേക്കാൾ വലിയ ശക്തിയൊന്നും ഉണ്ടായിരുന്നില്ല. ക്രിക്കറ്റില്‍ പൂര്‍ണമായി ശ്രദ്ധിച്ചാല്‍ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് അവർ പറഞ്ഞു. ഇതേ തുടർന്ന് നന്നായി പരിശീലനം നടത്തി. കുടുംബാംഗങ്ങളുടെ പിന്തുണയോടെ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചുവെന്നും ഷമി പറഞ്ഞു.
ഇന്ന് ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് മുഹമ്മദ് ഷമി. 2019-ലെ ഏകദിന ലോകകപ്പില്‍ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് കഴിഞ്ഞ വർഷം ഷമിയെ തേടിയെത്തിയത്.