ന്യൂഡല്‍ഹി: ഉമിനീർ വിലക്ക് നിലനിന്നാലും റിവേഴ്‌സ് സ്വിങ് ലഭിക്കുമെന്ന് അവകാശപെട്ട് ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമി. ഇതിനായി പന്തിന്‍റെ തിളക്കം നിലനിർത്തിയാല്‍ മതിയെന്നും ഷമി. അതേസമയം കൊവിഡ് 19 പശ്ചാത്തലത്തില്‍ ഉമിനീർ വിലക്കിന് പ്രധ്യാന്യം ഏറെയാണെന്നും ഷമി പറഞ്ഞു. പന്തില്‍ ഉമീർ എടുത്ത് പുരട്ടുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കിയേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെറുപ്പം തൊട്ടെ പന്തില്‍ ഉമിനീരെടുത്ത് പുരട്ടുന്ന ശീലമുള്ളവർക്ക് വിലക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഷമി പറഞ്ഞു. ഫാസ്റ്റ് ബോളറെന്ന നിലയില്‍ ഉമിനീർ പന്തില്‍ പുരട്ടുന്നതും പന്തിന്‍റെ തിളക്കം നിലനിർത്തുന്നതും തുടർന്ന് വരുന്നു. എന്നാല്‍ വരണ്ടുണങ്ങിയ പന്തിന്‍റെ തിളക്കം നിലനിർത്താന്‍ സാധിക്കുകയാണെങ്കില്‍ റിവേഴ്‌സ് സ്വിങ് ലഭിക്കാന്‍ പ്രയാസം ഉണ്ടാകില്ല. എന്നാല്‍ ഉമിനീരും വിയർപ്പും രണ്ട് തരത്തിലാണ് പ്രവർത്തിക്കുകയെന്നും ഉമിനീരിന്‍റെ ഗുണം വിയർപ്പില്‍ നിന്നും ലഭിക്കില്ല. ഇതേവരെ ഉമിനീർ ഉപയോഗിക്കാതെ പന്തെറിഞ്ഞിട്ടില്ലെന്നും ഷമി പറഞ്ഞു.
നേരത്തെ അനില്‍ കുബ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഐസിസിയോട് ഉമിനീർ വിലക്കിന് ശുപാർശ ചെയ്‌തത്. ഉമിനീരിന് പകരം വിയർപ്പ് ഉപയോഗിച്ച് പന്തിന്‍റെ തിളക്കം വർദ്ധിപ്പിക്കാമെന്നാണ് കുംബ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അഭിപ്രായപ്പെട്ടത്.
കൊവിഡ് 19-ന് ശേഷം അടുത്ത അന്താരാഷ്‌ട്ര സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് 15 ദിവസത്തോളമെങ്കിലും പരിശീലനം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഷമി കൂട്ടിച്ചേർത്തു. ലോക്കഡൗണ്‍ കാലത്ത് ആർക്കും പന്ത് കൊണ്ട് തൊടാന്‍ പോലും സാധിച്ചിട്ടില്ല. കായിക താരമെന്ന നിലയില്‍ ശരീരത്തിന് താളം വീണ്ടെടുക്കാന്‍ പരിശീലനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.