ദുബൈ: ഓസ്‌ട്രേലിയയില്‍ നടക്കുന്ന വനിത ടി20 ലോകകപ്പ് വനിതാ ക്രിക്കറ്റിന്‍റെ ഭാവി മാറ്റി മറിക്കുമെന്ന് ഇന്ത്യന്‍ നായിക ഹർമ്മന്‍പ്രീത് കൗർ. സ്‌കോർ ബോഡില്‍ വലിയ ടോട്ടല്‍ കണ്ടെത്താന്‍ ടീം ഇന്ന് പ്രാപ്‌തമാണ്. വർഷങ്ങൾക്ക് മുമ്പുള്ള സ്ഥിതിയല്ല ഇപ്പോൾ. രണ്ട് വർഷം മുമ്പ് ഏകദിന ഫോർമാറ്റില്‍ ടീം മികച്ച കളി പുറത്തെടുത്തപ്പോൾ ടി20യില്‍ മോശം ഫോമിലായിരുന്നു. ഇന്ന് സ്ഥിതി മാറി, ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ മികച്ച കളി പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷക്കുന്നത്. എല്ലാ ടീമുകൾക്കും എന്ന പോലെ ഇന്ത്യ ടീമിനും തനതായ ശക്തി കേന്ദ്രങ്ങളുണ്ട്. സ്‌പിന്‍ ബൗളർമാരാണ് ടീം ഇന്ത്യയുടെ പ്രധാന ആയുധം.
ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ടീം ഇന്ത്യ. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ശ്രീലങ്കയും ബംഗ്ലാദേശും ഉൾപ്പെടുന്ന അഞ്ച് ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഉള്ളത്. ഫെബ്രുവരി 21-ന് നടക്കുന്ന ലോകകപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയെ നേരിടും. മാർച്ച് എട്ടിനാണ് ഫൈനല്‍. നിലവില്‍ ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ വനിതാ ടീം ഓസ്‌ട്രേലിയയില്‍ ത്രിരാഷ്‌ട്ര ടൂർണമെന്‍റ് കളിക്കുകയാണ്. ഇന്ത്യയെ കൂടാതെ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ടൂർണമെന്‍റില്‍ മാറ്റുരക്കുന്നത്. ത്രിരാഷ്‌ട്ര ടൂർണമെന്‍റ് ടീം ഇന്ത്യക്ക് ഗുണം ചെയ്യും. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളുമായി താരങ്ങൾ ഒത്തിണക്കമുണ്ടാക്കി കഴിഞ്ഞു. ഇത് ടീമിന് ഗുണം ചെയ്യുമെന്നും ഹർമ്മന്‍പ്രീത് കൗർ പറഞ്ഞു. ത്രിരാഷ്‌ട്ര ടൂർണമെന്‍റില്‍ നിലവില്‍ ടീം ഇന്ത്യക്ക് ഒരു ജയവും രണ്ട് തോല്‍വിയുമാണ് ഉള്ളത്. ഫെബ്രുവരി എട്ടാം തിയതി ഓസ്‌ട്രേലിയക്ക് എതിരെ മെല്‍ബണിലാണ് ടീം ഇന്ത്യയുടെ അടുത്ത മത്സരം.