ലണ്ടന്‍: ഇംഗ്ലണ്ടില്‍ പന്ത് സ്വിങ് ചെയ്യുന്നതിനെ ഉമിനീർ വിലക്ക് സ്വാധീനിക്കില്ലെന്ന് ക്രിക്കറ്റ് ബോൾ നിർമാതാക്കളായ ഡ്യൂക്ക്. ഡ്യൂക്ക് ബോൾ നിർമാണ കമ്പിനി ഉടമ ദിലീപ് ജജോദിയാണ് അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. തങ്ങൾ കൈകൊണ്ട് തുന്നിയെടുക്കുന്ന പന്തിന്‍റെ പ്രത്യേകതകളാണ് ഇതിന് കാരണമായി ജജോദി നിരത്തുന്നത്.
പന്തിലെ മികച്ച സീം കാരണം വായുവിലൂടെ സഞ്ചരിക്കുമ്പോൾ വിമാനത്തിലെ റൂഡറിന്‍റെ ധർമ്മം നിർവഹിക്കുന്നു. കൈകൊണ്ട് തുന്നുന്നതിനാല്‍ സീം കട്ടിയേറിയതും മികച്ചതുമാണ്. കൂടാതെ സ്വീങ് ലഭിക്കാന്‍ വിയർപ്പ് ഉപയോഗിച്ച് പന്തിന് തിളക്കം വർദ്ധിപ്പിച്ചാല്‍ മതിയാകും. ഇതിനായി നെറ്റിയിലെ വിയർപ്പ് മാത്രം ബൗളേഴ്‌സ് ഉപയോഗിച്ചാല്‍ മതിയാകുമെന്നും ദിലീപ് ജജോദിയ അവകാശപ്പെടുന്നു.
നേരത്തെ വിരമിച്ചവരും അല്ലാത്തതുമായ ലോകത്തെ നിരവധി ക്രിക്കറ്റ് താരങ്ങൾ ഉമിനീർ വിലക്കിനെതിരെ രംഗത്ത് വന്നിരുന്നു. പന്തില്‍ ഉമിനീർ എടുത്ത് പുരട്ടിയില്ലെങ്കില്‍ സ്വിങ് ലഭിക്കില്ലെന്നും ഇത് കാരണം പന്തും ബാറ്റും തമ്മിലുള്ള കളിയിലെ ബാലന്‍സ് നഷ്‌ടപെടുമെന്നും ആരോപിച്ചായിരുന്നു താരങ്ങൾ രംഗത്ത് വന്നത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമെന്നാണ് ഡ്യൂക്ക് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
തങ്ങളുടെ പന്ത് ഉപയോഗിച്ചാല്‍ ഉമിനീർ വിലക്കുണ്ടെങ്കില്‍ പോലും കളിയില്‍ ബാറ്റിനും ബോളിനും ഓരേ പ്രാധാന്യം ലഭിക്കുമെന്നും ദിലീപ് ജജോദിയ പറയുന്നു. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഉൾപ്പെടെ ലോകത്തെ നിരവധി ടീമുകൾ നിലവില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ഡ്യൂക്ക് പന്തുകളാണ് ക്രിക്കറ്റ് കളിക്കാനായി ഉപയോഗിക്കുന്നത്.