സിഡ്‌നി: ഓൾ റൗണ്ടർ മാർക്കസ് സ്റ്റോണിയസ് ഒരു വര്‍ഷത്തിനിടെ ഒന്നിലധികം റോളുകള്‍ ഏല്‍പ്പിക്കാവുന്ന ബാറ്റ്‌സ്‌മാനായി ഉയര്‍ന്നതായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്. ഒരു വര്‍ഷത്തിനിടെ അദ്ദേഹത്തിന്‍റെ നിലവാരം അഞ്ചിരട്ടി മെച്ചപ്പെട്ടു. ഫിനിഷറുടെ ചുമതല ഉള്‍പ്പെടെ അദ്ദേഹത്തെ ഇപ്പോള്‍ ഏല്‍പ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്ലിനിടെ സ്റ്റോണിയസിന്‍റെ പ്രകടനം വിലയിരുത്തിയപ്പോഴാണ് ഇത് മനസിലായതെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു. നെറ്റ്സില്‍ പരിശീലനം നടത്തുമ്പോഴാണ് സ്റ്റോണിയസിനെ വിലയിരുത്താന്‍ സാധിച്ചത്. അലക്‌സ് കാരിയാണ് സ്റ്റോണിയസിന്‍റെ പ്രകടനം തെന്‍റ ശ്രദ്ധയില്‍ പെടുത്തിയതെന്നും പോണ്ടിങ് കൂട്ടച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം മോശം പ്രകടനത്തെ തുടര്‍ന്ന് സ്റ്റോണിയസ് ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമുകളില്‍ നിന്നും പുറത്തായിരുന്നു. ഓസ്‌ട്രേലിയക്ക് എതിരെ 44 ഏകദിനങ്ങളും 22 ടി20യും സ്റ്റോണിയസ് കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും ആറ് അര്‍ദ്ധസെഞ്ച്വറിയും ഈ ഓസിസ് ഓള്‍റൗണ്ടര്‍ സ്വന്തമാക്കി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 42 വിക്കറ്റുകളും സ്റ്റോണിയസിന്‍റെ പേരിലുണ്ട്. പുറത്താകാതെ 146 റണ്‍സ് എടുത്തതാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഈ മാസം 27ന് ആരംഭിക്കും. മൂന്ന് വീതം ഏകദിനവും ടി20യും നാല് ടെസ്റ്റ് പരമ്പരയും ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും.