ന്യൂഡല്‍ഹി: ലോകകപ്പ് സെമിയില്‍ തോല്‍വി രുചിച്ച ടീം ഇന്ത്യ പുതിയ പരിശീലകനെയും മികച്ച ടീം കോമ്പിനേഷനെയും തേടുകയാണ്. ലോകകപ്പിന് ശേഷമുള്ള ആദ്യ ടൂർണമെന്‍റിനായി ഇന്ത്യ വെസ്റ്റിൻഡീസിലേക്ക് പോകുമ്പോൾ ബാറ്റിങില്‍ ഇനിയും പരിഹരിക്കാത്ത നാലാം നമ്പർ തന്നെയാണ് നായകൻ വിരാട് കോലിയെ അലട്ടുന്നത്. മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശ്രയേസ് അയ്യർ അടക്കമുള്ള യുവതാരങ്ങളാണ് ടീം ഇന്ത്യയുടെ നാലാം നമ്പരാകാൻ ടീമിനൊപ്പം വെസ്റ്റിൻഡീസിലേക്ക് യാത്ര തിരിച്ചത്. വെസ്റ്റിൻഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന്‍റെ നട്ടെല്ലായ ശ്രേയസ് അയ്യർക്കാണ് ഇന്ത്യയുടെ വിശ്വസ്ത പൊസിഷനില്‍ ഏറ്റവും അധികം സാധ്യതയുള്ളത്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നു എന്നും ഇടയ്ക്കിടെ ടീമില്‍ വരുന്നതും പുറത്തുപോകുന്നതും നല്ല രീതിയല്ലെന്ന ശ്രേയസ് അയ്യരുടെ വാക്കുകളില്‍ നിന്ന് അദ്ദേഹം ഇന്ത്യൻ ടീമില്‍ സ്ഥിര സാന്നിദ്ധ്യമാകാൻ തയ്യാറെടുത്തു കഴിഞ്ഞു എന്ന സൂചന നല്‍കുന്നുണ്ട്.
“നിങ്ങൾ ശരിക്കും ഒരു നല്ല പ്രതിഭയാണെങ്കിൽ, സ്വയം തെളിയിക്കാനും വ്യവസ്ഥകളുമായി പൊരുത്തപ്പെടാനും നിങ്ങൾക്ക് ഒരു നിശ്ചിത അവസരങ്ങൾ ആവശ്യമാണെന്ന് " ശ്രേയസ് അയ്യർ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വെസ്റ്റിൻഡീസില്‍ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യ എയ്‌ക്കായി നാല് ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് അർധസെഞ്ച്വറികൾ ഉൾപ്പെടെ 62.33 ശരാശരിയില്‍ 187 റൺസാണ് അയ്യർ നേടിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ പ്ലേ-ഓഫ് സ്ഥാനത്തേക്ക് നയിക്കുന്നതിലും നായകൻ എന്ന നിലയില്‍ അയ്യർ പ്രധാന പങ്ക് വഹിച്ചു.
ബാക്ക്-ഫൂട്ട് ഗെയിമാണ് അയ്യറുടെ കരുത്ത്. ഒപ്പം ഷോർട്ട് ബോളിന്റെ നല്ലൊരു പുള്ളർ കൂടിയാണ് അദ്ദേഹം. മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടും ടീമില്‍ ഇടം നേടാൻ കഴിയാത്തതിലെ മുൻ നിരാശകളെ തന്റെ പിന്നിൽ നിർത്താൻ ആഗ്രഹിക്കുന്നു എന്നാണ് അയ്യർ പറയുന്നത്. ലോകകപ്പ് ടീമിലേക്ക് "തിരഞ്ഞെടുക്കപ്പെടാതിരിക്കുക ബുദ്ധിമുട്ടായിരുന്നു". എന്നാൽ സ്ഥിരതയിലൂടെ അടുത്ത ലോകകപ്പ് ടീമില്‍ ഇടം നേടാൻ ആഗ്രഹിക്കുന്നു എന്നും മലയാളി ബന്ധമുള്ള ശ്രേയസ് അയ്യർ പറഞ്ഞു. മധ്യനിരയില്‍ ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന താരമായി ശ്രേയസ് അയ്യർ ടീമിന്‍റെ ഭാഗമാകുന്നതിന് കരീബിയൻ പര്യടനം സഹായിക്കുമെന്നാണ് സെലക്ടർമാരുടേയും പ്രതീക്ഷ.