മുംബൈ: ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർ ഉൾപ്പെടെ നാല് ക്രിക്കറ്റ് താരങ്ങളെ അർജുന പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്ത് ബിസിസിഐ. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, വനിത ലെഗ് സ്പിന്നർ പൂനം യാദവ് എന്നിവരാണ് കായിക മേഖലയിലെ മികവിന് നല്‍കുന്ന അർജുന പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്ത മറ്റ് രണ്ട് താരങ്ങൾ.
ബിസിസിഐയുടെ മേല്‍നോട്ടത്തിനായി സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയാണ് താരങ്ങളെ തെരഞ്ഞെടുത്തത്. 2016ല്‍ ഇന്ത്യക്കായി അരങ്ങേറിയ ബുമ്ര ഇന്ത്യൻ പേസ് ആക്രമണത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. ഒമ്പത് ടെസ്റ്റുകൾ മാത്രം കളിച്ച ബുമ്ര ഇതിനോടകം 48 വിക്കറ്റുകൾ വീഴ്ത്തി. അടുത്ത മാസം ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യൻ ടീമിന്‍റെ തുറുപ്പുചീട്ടും ബുമ്രയാണ്. ഗാർഹിക പീഡനവും ഫോമില്ലായ്മയും നേരിട്ടിരുന്ന മുഹമ്മദ് ഷമി 2018ല്‍ കരിയറിലെ മികച്ച ഫോമിലേക്കാണ് ഉയർന്നത്. 2018ല്‍ 68 ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തിയ ഷമി ഓസ്ട്രേലിയില്‍ ഇന്ത്യയുടെ ചരിത്രവിജയത്തില്‍ നിർണായക പങ്ക് വഹിച്ചിരുന്നു. 2009ല്‍ ഇന്ത്യക്കായി അരങ്ങേറിയ ജഡേജ 41 ടെസ്റ്റിലും 151 ഏകദിനത്തിലും 40 ടി-20 മത്സരങ്ങളിലും കളിച്ചു. മൂന്ന് ഫോർമാറ്റിലുമായി 400 വിക്കറ്റുകളാണ് ജഡേജയുടെ സമ്പാദ്യം.
അർജുന പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്ത നാല് താരങ്ങളില്‍ ഒരു വനിത താരം മാത്രമാണ് ഇടംപിടിച്ചത്. 2013ല്‍ ഇന്ത്യക്കായി അരങ്ങേറിയ പൂനം യാദവ് ഒരു ടെസ്റ്റിലും 41 ഏകദിനത്തിലും 54 ടി-20 മത്സരങ്ങളിലും ഇന്ത്യൻ ജേഴ്സിയണിഞ്ഞു. 2018ല്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന മാത്രമായിരുന്നു അർജുന പുരസ്കാരത്തിന് ക്രിക്കറ്റ് മേഖലയില്‍ നിന്നും അർഹയായത്.