ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനോട് കാത്തിരിക്കാൻ പറഞ്ഞ് ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യൻ ജേഴ്സിയില്‍ പന്തിന് പതിനഞ്ച് വർഷത്തോളം കളിക്കാൻ കഴിയുമെന്നും ഗാംഗുലി പറഞ്ഞു.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ രണ്ടാം വിക്കറ്റ്കീപ്പർ എന്ന സ്ഥാനം ഉറപ്പിച്ചിരുന്ന താരമാണ് റിഷഭ് പന്ത്. കൂറ്റനടികൾ കൊണ്ടും വ്യത്യസ്തമായ ബാറ്റിംഗ് ശൈലികൊണ്ടും നിരവധി ആരാധകരെ ചുരുങ്ങിയ കാലംകൊണ്ട് സൃഷ്ടിക്കാൻ പന്തിന് കഴിഞ്ഞു. എന്നാല്‍ പന്തിനെ ലോകകപ്പ് ടീമില്‍ നിന്ന് സെലക്ടർമാർ ഒഴിവാക്കുകയായിരുന്നു. നിരവധി മുൻ താരങ്ങളാണ് ഇതിനെതിരെ രംഗത്ത് വന്നത്. പന്തിന് പകരം ദിനേശ് കാർത്തിക്കിനാണ് ഇന്ത്യൻ ടീമില്‍ അവസരം ലഭിച്ചത്.
ഇന്ത്യക്ക് വേണ്ടി ഒരുപാട് ലോകകപ്പുകൾ കളിക്കാൻ റിഷഭ് പന്തിന് കഴിയുമെന്നും ഗാംഗുലി വ്യക്തമാക്കി. ഇത് ഒന്നിന്‍റെയും അവസാനമല്ലെന്നും പന്തിന് 15 വർഷത്തോളം ക്രിക്കറ്റ് കളിക്കാമെന്നും ദാദ പറഞ്ഞു. നിലവില്‍ ധോണിയും ദിനേശ് കാർത്തിക്കുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. അവരുടെ കാലശേഷമുള്ള അവസരങ്ങൾ പന്തിനുള്ളതാണെന്നും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മെന്‍റർ കൂടിയായ ഗാംഗുലി പറഞ്ഞു.