ലണ്ടന്‍: ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് പുറത്തായ ഇംഗ്ലീഷ് ഓപ്പണർ അലക്‌സ് ഹെയില്‍സിനെ പരസ്യമായി തള്ളിപ്പറഞ്ഞ് നായകന്‍ ഓയിന്‍ മോർഗന്‍. ഹെയില്‍സ് ടീമിലേക്ക് തിരിച്ചുവരാന്‍ ആയിട്ടില്ലെന്ന് മോർഗന്‍ പറഞ്ഞു. നേരത്തെ ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് സ്‌കോഡില്‍ അംഗമായിരിക്കുമ്പോഴാണ് ഹെയില്‍സ് ടീമില്‍ നിന്നും ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് പുറത്താകുന്നത്.
ഹെയില്‍സിന്‍റെ പ്രവർത്തി സഹതാരങ്ങളുടെ വിശ്വാസത്തെയാണ് തകർത്തതെന്ന് മോർഗന്‍ പറഞ്ഞു. ഒരിക്കല്‍ വിശ്വാസം നഷ്‌ടമായാല്‍ അത് വീണ്ടും നേടിയെടുക്കാന്‍ സമയം അനുവദിക്കുകയാണ് വേണ്ടത്. കളിയിലെ അദ്ദേഹത്തിന്‍റെ പ്രകടനമല്ല ഇവിടുത്തെ പ്രശ്‌നമെന്നും മോർഗന്‍ വ്യക്തമാക്കി. കളിക്കളത്തിന് അകത്തും പുറത്തും പാലിക്കേണ്ട മൂല്യങ്ങളെ കുറിച്ച് ബോധ്യം വന്നാലെ അദ്ദേഹത്തിന് ടീമിന്‍റെ ഭാഗമാകാന്‍ സാധിക്കൂവെന്ന് വിശ്വസിക്കുന്നതായും മോർഗന്‍ കൂട്ടിച്ചേർത്തു.
കൊവിഡ് 19-നെ തുടർന്ന് ഇംഗ്ലണ്ടില്‍ മെയ് 20-നാണ് ക്രിക്കറ്റ് പരിശീലനം പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 18 ബൗളേഴ്‌സാണ് പരിശീലനം നടത്തുന്നത്. കൊവിഡ് 19 കാരണം സ്തംഭിച്ച ക്രിക്കറ്റ് ലോകത്ത് ആദ്യമായി പരിശീലനം പുനരാരംഭിച്ചത് ഇംഗ്ലണ്ടാണ്. നിലവില്‍ ലോകത്ത എല്ലാ ക്രിക്കറ്റ് മത്സരങ്ങളും കൊവിഡ് 19 കാരണം നിർത്തിവെച്ചിരിക്കുകയാണ്.