ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ ആവശ്യമില്ലെന്ന് ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ റോസ് ടെയ്‌ലര്‍. ഏകദിന ലോകകപ്പ് സമനിലയില്‍ അവസാനിച്ചാല്‍ കിരീടം പങ്കുവെക്കുന്നതില്‍ തെറ്റില്ലെന്നും ടെയ്‌ലര്‍. അതിലൂടെ കളിക്ക് ഗുണമേ ഉണ്ടാകൂ. ഒരു ദിവസത്തോളം എടുത്ത് പൂര്‍ത്തിയാക്കുന്ന ഏകദിനങ്ങള്‍ സമനിലയില്‍ അവസാനിക്കുന്നതില്‍ കുഴപ്പമുണ്ടെന്ന് തോന്നിയിട്ടില്ല. അതേസമയം കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന ടി20 മത്സരങ്ങളില്‍ വിജയിയെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ നടപ്പാക്കാമെന്നും റോസ് ടെയ്‌ലര്‍ പറഞ്ഞു.
നേരത്തെ 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവറിലൂടെ ആതിഥേയരെ വിജയികളായി പ്രഖ്യാപിച്ചതില്‍ ഐസിസി വലിയ തോതില്‍ വിമര്‍ശിക്കപെട്ടിരുന്നു. അന്ന് ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ഇരു ടീമുകളം 241 റണ്‍സ് വീതം എടുത്തു. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ട് വിജയികളായി.