സിഡ്‌നി: വനിതാ ടി20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ ഓപ്പണർ ഷഫാലി വർമ്മയെ പ്രശംസിച്ച് ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ. ഫെബ്രുവരി അഞ്ചിന് സിഡ്‌നിയില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങൾക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവർ. ടീം അംഗങ്ങൾക്കിടയില്‍ ആത്മവിശ്വാസം വളർത്തുന്നതില്‍ ഷഫാലി വലിയ പങ്കുവഹിച്ചതായി ഹർമന്‍പ്രീത് പറഞ്ഞു. ബാറ്റ് ചെയ്യുമ്പോൾ അവർ സഹതാരത്തെ പ്രചോദിപ്പിക്കും. അവരുടെ സമ്മർദ്ദം കുറയ്ക്കും. ടീമിനൊപ്പമുള്ള സമയം അവർ ആസ്വദിക്കുന്നുണ്ട്. ഇത്തരം കളിക്കാരെയാണ് ടീമിന് ആവശ്യം. ഗ്രൗണ്ടില്‍ ആരായാലും അവർ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. അതിനാല്‍ തന്നെ അവർ മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ഹർമന്‍പ്രീത് കൗർ പറഞ്ഞു.
വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണർ ഷഫാലി വർമ്മ ഇതിനകം ഗ്രൂപ്പ് എയില്‍ നടന്ന നാല് മത്സരങ്ങളില്‍ നിന്നായി 161 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 161.00മാണ് ഷഫാലിയുടെ സ്‌ട്രൈക്ക് റേറ്റ്. ഷഫാലിയുടെ ബാറ്റിങ് പ്രകടനത്തിന്‍റെ പിന്തുണയോടെ ടീം ഇന്ത്യ ഗ്രൂപ്പില്‍ നിന്നും ഒന്നാമതായി സെമിഫൈനലില്‍ പ്രവേശിച്ചു. ടീമെന്ന നിലയില്‍ ഏറെ മുന്നോട്ട് പോയതായും കൂടുതല്‍ കാര്യം പഠിക്കാന്‍ സാധിച്ചെന്നും ഹർമന്‍പ്രീത് കൗർ കൂട്ടിച്ചേർത്തു. എല്ലാവരും ടീമിന് വേണ്ടി വ്യക്തിഗതമായി മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. ടീമിന്‍റെ മുന്നേറ്റത്തില്‍ എല്ലാവരും സന്തോഷിക്കുന്നതായും അവർ പറഞ്ഞു.
വ്യാഴാഴ്‌ച നടക്കുന്ന സെമിയില്‍ ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. സിഡ്‌നിയില്‍ വ്യാഴാഴ്‌ച്ച രാവിലെ 9.30-നാണ് മത്സരം. അതേസമയം ലോകകപ്പ് പോരാട്ടത്തില്‍ ഇതേവരെ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നത് ഹർമന്‍പ്രീത് കൗറിനും കൂട്ടർക്കും വെല്ലുവിളി ഉയർത്തും. 2018-ലെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. അതേസമയം ഗ്രൂപ്പ് തലത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ ജയം സ്വന്തമാക്കിയാണ് ടീം ഇന്ത്യ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമിട്ടത്.