സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കുറഞ്ഞ ഓവര്‍ നിരക്കും ടീം ഇന്ത്യക്ക് തിരിച്ചടിയാകുന്നു. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് മാച്ചി ഫീയുടെ 20 ശതമാനം പിഴ ചുമത്തി. മാച്ച് റഫറി ഡേവിഡ് ബൂണിന്‍റേതാണ് തീരുമാനം. സിഡ്‌നിയില്‍ ആദ്യ ഏകദിനം ഇന്ത്യയുടെ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് അവസാനിച്ചത്.
10.15ന് അവസാനിക്കേണ്ടിയിരുന്ന മത്സരം 11.10നാണ് അവസാനിച്ചത്. ഓസ്‌ട്രേലിയയുടെ ഇന്നിങ്സിനിടെ രണ്ട് പ്രതിഷേധക്കാര്‍ പിച്ചിലേക്ക് വന്നതും മത്സരം വൈകാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ ഇത് കാരണം ഏകദേശം അഞ്ച് മിനിട്ട് മാത്രമാണ് മത്സരം തടസപെട്ടത്. തന്‍റെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഏകദിന ഇന്നിങ്സാണ് സിഡ്‌നിയില്‍ ടീം ഇന്ത്യക്ക് എതിരെ കളിച്ചതെന്ന് കളിയിലെ താരമായി തെരഞ്ഞെടുക്കപെട്ട സ്റ്റീവ് സ്‌മിത്ത് മത്സര ശേഷം പറഞ്ഞു.
ഐസിസിയുടെ പുതിയ നിയമ പ്രകാരം കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപ്‌റ്റന്‍ മാത്രം മാച്ച് ഫീ പിഴയായി ഒടുക്കിയാല്‍ മതിയാകില്ല. പകരം മുഴുവന്‍ കളിക്കാരും മാച്ച് ഫീയുടെ നിശ്ചിത ശതമാനം പിഴയായി നില്‍കേണ്ടിവരും. ഐസിസി കഴിഞ്ഞ വര്‍ഷമാണ് ഇതു സംബന്ധിച്ച നിയമം പാസാക്കിയത്.