ഇന്ത്യൻ ക്രിക്കറ്റ് കണ്ട സമാനതകളില്ലാത്ത ക്യാപ്റ്റൻ, ഓഫ് സൈഡിന്റെ രാജകുമാരൻ, ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശാബോധം നല്കിയ, ഇന്ത്യൻ ടീമിനെ "ടീം ഇന്ത്യ" ആക്കിയ നായകൻ- സൗരവ് ഗാംഗുലി. ബംഗാൾ കടുവ, കൊൽകത്തയുടെ രാജകുമാരൻ അങ്ങനെ വിശേഷണങ്ങളും വിളിപ്പേരുകളും അനവധിയാണ് ഗാംഗുലിക്ക്. പക്ഷെ ഇന്ത്യക്കാർക്കിടയിൽ എന്നും അദ്ദേഹം അവരുടെ സ്വന്തം ദാദയാണ്. ദാദയെന്ന വികാരമാണ്. വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഗാംഗുലിയെന്ന ദാദയ്ക്ക് ഇന്നും ആരാധക മനസിൽ പത്തരമാറ്റ് ശോഭയാണ്. ക്രിക്കറ്റ് എന്ന മതത്തിലെ മഹാരഥൻമാരിലൊരാളായ ദാദയ്ക്ക് ഇന്ന് നാല്‍പ്പത്തിയേഴാം പിറന്നാൾ.
അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഒരുപാടുണ്ടാകും, പക്ഷേ അദ്ദേഹത്തെ ബഹുമാനിക്കാത്തവർ വളരെ വിരളമാണ്. എത്ര വലിയ പ്രതികൂല സാഹചര്യത്തിലും പരാജയങ്ങളുടെയും വിമർശനങ്ങളുടെയും ഭയമില്ലാതെ പ്രതിസന്ധികളെ നേരിടാൻ ദാദ നടത്തിയ പോരാട്ടങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം നിലനിൽക്കുന്നവയാണ്.
നാട്ടിലെ പുലികൾക്ക് പുറം നാടുകളിലെ മത്സരങ്ങൾ ജയിക്കാൻ ഊർജം പകർന്ന, പ്രതിയോഗികൾക്ക് മുമ്പിൽ തളർന്നു പോകുന്ന സഹതാരങ്ങൾക്ക് സ്വന്തം കരുത്തെന്തെന്ന് ബോധ്യപ്പെടുത്തിയ ക്യാപ്റ്റൻ- അത് തന്നെയാണ് ദാദയുടെ പേരിന് നൽകേണ്ട ഏറ്റവും അനുയോജ്യമായ വിവരണം. ഓഫ് സൈഡിൽ ഗാംഗുലി കഴിഞ്ഞേ ദൈവത്തിന് പോലും സ്ഥാനമുള്ളു എന്ന് മുമ്പ് രാഹുൽ ദ്രവിഡ് പറഞ്ഞിട്ടുണ്ട്. ദാദയെപ്പോലെയുള്ള ഒരു ക്യാപ്റ്റനുവേണ്ടി മരിക്കാന്‍ പോലും തയ്യാറായിരുന്ന സഹതാരങ്ങളും നിരവധി. തന്റെ ഓപണർ സ്ഥാനം സെവാഗിന് സമ്മാനിച്ചതും ക്രിക്കറ്റിന്റെ മക്കയായ ലോഡ്സിൽ നാറ്റ് വെസ്റ്റ് ടൂർണമെന്റ് വിജയം ജഴ്സി ഊരി ആഘോഷമാക്കിയതും ഓരോ ക്രിക്കറ്റ് ആരാധകന്റെ മനസിലും ചരിത്രത്താളുകളിലും മായാത്തവയാണ്.
ഒരുപാട് യുവതാരങ്ങൾക്ക് പ്രചോദനമായ ഇന്ത്യ ക്രിക്കറ്റിലെ ഇതിഹാസത്തിന്, ആരാധകരുടെ സ്വന്തം ദാദയ്ക്ക് ഒരായിരം പിറന്നാളാശംസകൾ.