ഹൈദരാബാദ്: ഉമിനീര്‍ വിലക്ക് ബൗളേഴ്‌സിനെ റോബോട്ടുകളാക്കി മാറ്റുമെന്ന മുന്‍ പാകിസ്ഥാന്‍ പേസര്‍ വസീം അക്രത്തിന്‍റെ പരാമര്‍ശത്തെ തള്ളിക്കളഞ്ഞ് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിയര്‍പ്പ് ഉപയോഗിച്ചാല്‍ പോലും പന്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും, ഉമിനീര്‍ വിലക്കിനെതിരെ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്താ പ്രാധ്യാനം ഉണ്ടാക്കിയെടുക്കാന്‍ താന്‍ ആളല്ലെന്നും ശ്രീശാന്ത് പറഞ്ഞു. കൊവിഡ് 19-ന് മുമ്പ് അദ്ദേഹം വിരമിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഇത്തരത്തിലാണ് ചിന്തിക്കുന്നതെങ്കില്‍ ഒരാള്‍ക്ക് എങ്ങനെയാണ് കളിക്കാന്‍ സാധിക്കുക.
ഉമിനീര്‍ വിലക്ക് ക്രിക്കറ്റിനെ ഒരു തരത്തിലും ബാധിക്കില്ല. ബൗളേഴ്‌സിന് ബാറ്റ്‌സ്മാന്‍മാരുടെ പ്രഹരം എല്ലായിപ്പോഴും ഏല്‍ക്കാറുണ്ട്. ഉമിനീര്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിന്റെ അളവ് കൂടുമെന്ന് കരുതുന്നില്ല. കൃത്യമായി പന്തെറിയാന്‍ സാധിച്ചാല്‍ എതൊരു ബൗളര്‍ക്കും വിക്കറ്റ് ലഭിക്കും. ആരും റോബോട്ടായി മാറില്ല. നിലവില്‍ നാം ജീവന്‍ മരണ പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഉമിനീര്‍ വിലക്കിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ നാം തയാറാകണമെന്നും ശ്രീശാന്ത് പറഞ്ഞു.
ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് ഗാംഗുലിയോട് ചര്‍ച്ച ചെയ്തിട്ടില്ല
ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് സൗരവ് ഗാംഗുലിയുമായി ചര്‍ച്ച ചെയ്തിട്ടില്ല. പക്ഷേ ജോയിന്റ് സെക്രട്ടറിയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ജയേഷ് ജോര്‍ജുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അതേസമയം തന്റെ കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തോട് ദാദ ആവശ്യപെട്ടിട്ടുണ്ട്.