ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും അണ്ടർ-19 ടീമിന്‍റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ എസ്.ശ്രീശാന്ത് പരസ്യമായി അധിക്ഷേപിച്ചിരുന്നു എന്ന് രാജസ്ഥാൻ റോയല്‍സ് പരിശീലകൻ പാഡി അപ്ടൺ. ആത്മകഥയായ ബെയർഫൂട്ട് കോച്ചിലാണ് ശ്രീശാന്തിനെതിരെ അപ്ടണിന്‍റെ വിമർശനം.
വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് കളിക്കാരെ അറസ്റ്റ് ചെയ്യുന്നതിന് 24 മണിക്കൂർ മുമ്പ് ശ്രീശാന്തിനെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ പുറത്താക്കിയതായും പുസ്തകത്തില്‍ പറയുന്നു. 2013ല്‍ മുംബൈ ഇന്ത്യൻസിനെതിരായ ഒരു മത്സരത്തില്‍ നിന്നും ശ്രീശാന്തിനെ ഒഴിവാക്കി എന്ന പേരിലാണ് ശ്രീശാന്ത് ദ്രാവിഡിനോട് പൊട്ടിത്തെറിച്ചത് എന്നും അപ്ടൺ പറയുന്നു. വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്ത്, അജിത് ചന്ദില, അങ്കിത് ചവാൻ എന്നിവർ തമ്മില്‍ സംശയാസ്പദമായ ഇടപെടലുകളുണ്ടാവുന്നത് തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അപ്ടൺ ആരോപിച്ചു.
എന്നാല്‍ അപ്ടൺ നുണയനാണെന്നാണ് ഈ ആരോപണങ്ങളോട് ശ്രീശാന്ത് പ്രതികരിച്ചത്. ദ്രാവിഡിനോട് ഒരിക്കല്‍ പോലും മോശമായി പെരുമാറിയിട്ടില്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണ് അപ്ടൺ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.