മുംബൈ: ലോകകപ്പ് ക്രിക്കറ്റിലെ സെമിഫൈനല്‍ തോല്‍വിക്ക് ശേഷം നിരവധി വാർത്തകളാണ് ഇന്ത്യൻ ടീം ക്യാമ്പില്‍ നിന്ന് പുറത്തുവന്നത്. ടെസ്റ്റ്, ഏകദിന, ടി ട്വൻടി ടീമുകൾക്കായി പ്രത്യേക നായകൻമാരെ നിയമിക്കും. കോലിയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കും. കാലാവധി അവസാനിച്ച പരിശീലകൻ രവിശാസ്ത്രിക്കും സഹായികൾക്കും പകരം ആളെ കണ്ടെത്തും. തുടങ്ങി നിരവധി വാർത്തകളാണ് ടീം ഇന്ത്യയെ സംബന്ധിച്ച് പുറത്തറിഞ്ഞത്. ഏറ്റവും ഒടുവിലായി നായകൻ വിരാട് കോലിയും ഉപനായകൻ രോഹിത് ശർമ്മയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും വാർത്തകൾ പുറത്തെത്തി. ഇതോടെ ടീമിലെ ആഭ്യന്തര കലഹമാണ് സെമിഫൈനലിലെ തോല്‍വിക്ക് കാരണം എന്നു വരെ ക്രിക്കറ്റ് നിരീക്ഷകർ കണ്ടെത്തി. എന്നാല്‍ അത്തരത്തിലുള്ള എല്ലാ വാർത്തകളും നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി.
വെസ്റ്റിൻഡീസ് പര്യടനത്തിനായി മുംബൈയില്‍ നിന്ന് യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോലി നിലപാട് പരസ്യമാക്കിയത്. രോഹിത്തുമായി പ്രശ്നങ്ങളില്ലെന്നും ടീം അന്തരീക്ഷം നന്നല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് നന്നായി കളിക്കാൻ കഴിയുമായിരുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു. എനിക്ക് ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ, അത് എന്റെ മുഖത്ത് കാണിക്കും. എന്റെ അഭിപ്രായത്തിൽ ഇത് അമ്പരപ്പിക്കുന്നതാണ്, ഇത്തരം കാര്യങ്ങൾ അസംബന്ധമാണെന്നും കോലി പറഞ്ഞു. വിമർശനങ്ങൾക്കിടയിലും രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലകനായി തുടരുന്നതിനെ അനുകൂലിക്കുന്നതായും കോഹ്‌ലി പറഞ്ഞു.