മുംബൈ: രോഹിത് ശര്‍മ ഓസ്‌ട്രേലയന്‍ പര്യടനം ആരംഭിച്ച ടീം ഇന്ത്യക്ക് ഒപ്പം ചേരാത്തതിന്‍റെ കാരണം വ്യക്തമാക്കി ബിസിസിഐ. പിതാവിന് അസുഖമായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഓപ്പണര്‍ ടീമിനൊപ്പം ചേരാത്തതെന്ന വിവരമാണ് ബിസിസിഐ അധികൃതരുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ രോഹിത് ശര്‍മയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിസിസിഐ അധികൃതരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം.
രോഹിത് ശര്‍മയുടെ പിതാവ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് മുംബൈയില്‍ ചികിത്സയിലാണെന്ന് ബിസിസിഐ അധികൃതര്‍ പറഞ്ഞു. രോഹിത് ശര്‍മക്ക് പുറമെ ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കുന്ന കാര്യത്തില്‍ ബിസിസിഐ ഉറപ്പ് നല്‍കിയിട്ടില്ല. ഐപിഎല്ലിനിടെ പരിക്കേറ്റ ഇശാന്ത് ശര്‍മയും ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുകയാണ്. ഇരുവരും ചീഫ് സെലക്‌ടര്‍ സുനില്‍ ജോഷി, എന്‍സിഎ ചെയര്‍മാന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുടെ നിരീക്ഷണത്തിലാണ്.
നേരത്തെ ഐപിഎല്‍ പൂര്‍ത്തിയായ ശേഷം പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മ നാട്ടിലേക്ക് മടങ്ങിയുരുന്നു. ടീം അംഗങ്ങള്‍ സിഡ്‌നിയിലേക്കും. നാട്ടിലേക്ക് മടങ്ങിയ രോഹിത് കുടുംബത്തോടൊപ്പം സമയം ചെലവഴിച്ച ശേഷമാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ റീഹാബ് പദ്ധതിയുടെ ഭാഗമായത്. ഈ പശ്ചാത്തലത്തിലാണ് കോലി ആശങ്ക ഉയന്നയിച്ചത്.